ക്രിക്കറ്റിലെ ഏഷ്യൻ രാജാവിനെ ഇന്നറിയാം; ഇന്ത്യ – പാകിസ്ഥാൻ ഫൈനൽ ഇന്ന് രാത്രി

ദുബായ്  : ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. ഇന്ന് (ഞായറാഴ്ച) രാത്രി എട്ടിന് മത്സരം ആരംഭിക്കും.

തുടർച്ചയായ രണ്ടാം ഏഷ്യാ കപ്പ് കിരീടവും പാക്കിസ്ഥാനെതിരേ ടൂർണമെന്‍റിലെ തുടർച്ചയായ മൂന്നാം ജയവുമാണ് ഇന്ത്യയുടെ ലക്ഷ്യം.

ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ ആറ് വിക്കറ്റിനും സൂപ്പർ ഫോറില്‍ ഏഴ് വിക്കറ്റിനും തകർത്ത ഇന്ത്യ ടൂർണമെന്‍റില്‍ അപരാജിതരാണ്. പാക്കിസ്ഥാനാകട്ടെ ഇന്ത്യയോട് ഏറ്റ തുടർതോല്‍വികള്‍ക്ക് മറുപടി നല്‍കാനുമാണ് ഇറങ്ങുന്നത്. ഓപ്പണർ അഭിഷേക ശർമ്മയുടെ മിന്നുന്ന ഫോമാണ് ഇന്ത്യയുടെ പ്രതീക്ഷ.

പവർപ്ലേയെ ഇത്രമാത്രം ഉപയോഗിക്കുന്ന ബാറ്റർ ഏഷ്യാകപ്പിലില്ല. കളിഗതിയെ മാറ്റിമറിക്കാൻ കഴിയുന്ന എട്ട് ബാറ്റർമാരുടെ സാന്നിധ്യമാണ് ഇന്ത്യൻ ബാറ്റിങ്ങിന്‍റെ കരുത്ത്. ശുഭ്‌മൻ ഗില്‍, തിലക് വർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസണ്‍, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേല്‍ എന്നിവ ഒറ്റയ്ക്ക് മത്സരം ജയിക്കാൻകഴിയുന്ന ബാറ്റർമാരാണ്.

ബൗളിങ്ങില്‍ ജസ്പ്രീത് ബുംറയുടെ മങ്ങിയ ഫോമാണ് തിരിച്ചടി. എന്നാല്‍ നിർണായക മത്സരങ്ങളില്‍ ഫോമിലേക്കുയരുന്ന ശീലം ബുംറയ്ക്കുണ്ട്. വരുണ്‍ ചക്രവർത്തി – കുല്‍ദീപ് യാദവ് – അക്‌സർ പട്ടേല്‍ സ്‌പിൻ ത്രയം ടൂർണമെന്‍റില്‍ മുൻപുനടന്ന രണ്ടുകളിയിലും പാക്കിസ്ഥാനെതിരെ തിളങ്ങിയിരുന്നു.

സൂപ്പർ ഫോറിലെ ഇന്ത്യ- ശ്രീലങ്ക അവസാന മത്സരത്തിലേതിന് സമാനമായി റണ്‍സ് ഒഴുകുന്ന പിച്ചാണ് ഫൈനലിനും. എന്നാല്‍ ബാറ്റിംഗ് നിരയെ എറിഞ്ഞു വീഴ്ത്താൻ ശക്തരായ താരങ്ങളാണ് ഇരു ടീമിലും ബൗളിംഗ് ആക്രമണത്തിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!