വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്നാണ് വെള്ളിയാഴ്ച മാർപാപ്പയെ വത്തിക്കാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഒരാഴ്ചയായി മാർപാപ്പയ്ക്ക് ശ്വാസതടസമുണ്ടായിരുന്നു. കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
“ചില രോഗനിർണയ പരിശോധനകൾക്കും ബ്രോങ്കൈറ്റിസിനുള്ള ചികിത്സ തുടരുന്നതിനുമായി ഫ്രാൻസിസ് മാർപാപ്പയെ പോളിക്ലിനിക്കോ അഗോസ്റ്റിനോ ജെമെല്ലിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്”.- എന്നാണ് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന കുർബാനയിൽ പോപ്പ് പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു. ശനിയാഴ്ച നടത്താനിരുന്ന പൊതുദർശനവും തിങ്കളാഴ്ച റോമിലെ പ്രശസ്തമായ സിനിസിറ്റ ഫിലിം സ്റ്റുഡിയോകളിലേക്കുള്ള സന്ദർശനവും റദ്ദാക്കിയതായി വത്തിക്കാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വൈറൽ ഇൻഫക്ഷനുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളും മാർപാപ്പയെ അലട്ടിയിരുന്നു.