കോട്ടയം നഗരസഭയിൽ അവിശ്വാസ പ്രമേയ നീക്കവുമായി എൽഡിഎഫ്

കോട്ടയം : നഗരസഭയിലെ മുൻ ജീവനക്കാരൻ മൂന്ന് കോടി രൂപ  പെൻഷൻ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിന് പിന്നാലെ നഗരസഭ ചെയർപേഴ്സണും, വൈസ് ചെയർമാനും എതിരായി അവിശ്വാസ നീക്കവുമായി എൽഡിഎഫ്.

പ്രമേയ അവതരണത്തിനായുള്ള അനുമതി തേടി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർക്ക് കത്ത് നൽകി. 10 ദിവസങ്ങൾക്ക് ശേഷം അവിശ്വാസപ്രമേയം ചർച്ച ചെയ്യാൻ തീയതി നിശ്ചയിക്കും.

അവിശ്വാസ പ്രമേയം പാസാകുമെന്നാണ് വിശ്വസിക്കുന്നതെന്നും, ഇനി ബിജെപിയുടെ കോർട്ടിലാണ് പന്തെന്നും അവിശ്വാസ പ്രമേയ തീരുമാനത്തിന് ശേഷം എൽഡിഎഫ് നേതാവ് അഡ്വ. കെ. അനിൽകുമാർ പ്രതികരിച്ചു.

ബിജെപിയുടെ വിഷയത്തിലുള്ള അവകാശവാദങ്ങളിൽ കഴമ്പുണ്ടെങ്കിൽ ഈ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും ഇതിലൂടെ അവർ ആർക്കൊപ്പം ആണെന്ന് വ്യക്തമാകുമെന്നും അനിൽകുമാർ പറഞ്ഞു.

അതേസമയം സാമ്പത്തിക തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടു.

അവിശ്വാസ പ്രമേയം കൊണ്ട് വന്ന് എൽഡിഎഫ് ജനങ്ങളെയും, മാധ്യമങ്ങളെയും പറ്റിക്കുകയാണെന്നും, പ്രമേയത്തെ എങ്ങനെ സമീപിക്കണമെന്ന് ബിജെപി നഗരസഭ പാർലമെൻ്റെറി യോഗം ചേർന്ന് തീരുമാനിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!