കോട്ടയം : കോട്ടയം നഗരസഭയിൽ മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. പെൻഷൻ വിഭാഗത്തിൽ നിന്നും മൂന്നു കോടിയോളം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലർക്ക് ആയ അഖിൽ സി വർഗീസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
നഗരസഭ സെക്രട്ടറി നൽകിയ പരാതിയെ തുടർന്നാണ് കോട്ടയം നഗരസഭയിലെ മുൻജീവനക്കാരൻ ആയിരുന്ന അഖിൽ സി വർഗീസിനെതിരെ കേസ് എടുത്തിരിക്കുന്നത്. നഗരസഭയുടെ ഫാമിലി പെൻഷൻ തുകയിൽ നിന്നും മാസം 5 ലക്ഷം രൂപ വീതം അഖിൽ തന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.
2020 മുതൽ 23 വരെയുള്ള കാലഘട്ടത്തിൽ ആയിരുന്നു കോട്ടയം നഗരസഭ കേന്ദ്രീകരിച്ച് അഖിൽ തട്ടിപ്പ് നടത്തിയത്. കൊല്ലം സ്വദേശിയായ ഇയാൾ ഇപ്പോൾ വൈക്കം നഗരസഭയിൽ ആണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അഖിൽ നിലവിൽ ഒളിവിൽ ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.