മേദിനിനഗര്‍: ഝാര്‍ഖണ്ഡിലെ പലമു ജില്ലയില്‍ ഇരുപത്തിരണ്ടുകാരിയെ അനുജത്തിയുടെ കണ്‍മുന്നില്‍ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പോലീസാണെന്ന് പറഞ്ഞു പറ്റിച്ചാണ് രണ്ടുപേര്‍ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് യുവതി പലമു പോലീസിന് നല്‍കിയിരിക്കുന്ന പരാതി.
തിങ്കളാഴ്ചയാണ് സംഭവം. പരാതിയില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം, ജോലിതേടി പഞ്ചാബിലേക്ക് പോകാനായി ഡാല്‍ടണ്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്നു ഈ സഹോദരിമാര്‍. ഈ സമയം, രണ്ടുപേര്‍ ഇവരുടെ അടുത്ത് എത്തുകയും പോലീസുകാരാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ശേഷം ഇവരെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
‘ചെയിന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്കാണ് യുവാക്കള്‍ സഹോദരിമാരെ കൂട്ടികൊണ്ടുപോയത്. അവിടെവെച്ച് രണ്ടുപേരും ചേര്‍ന്ന് മൂത്ത സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു.’ പലമു പോലീസ് സൂപ്രണ്ട് റീസ്മ രമേശന്‍ പറഞ്ഞു.
‘കുറ്റകൃത്യത്തിന് ശേഷം പ്രതികള്‍ സഹോദരിമാരെ മോട്ടോര്‍ സൈക്കിളില്‍ ഡാല്‍ടണ്‍ഗഞ്ച് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവരുന്ന വഴിയില്‍, ഇളയ സഹോദരി വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി നിലവിളിക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു,’ രമേശന്‍ പറഞ്ഞു.പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി എസ്പി രമേശന്‍ അറിയിച്ചു. പ്രതികളെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചു; അനുജത്തിയുടെ മുന്നിൽ ചേച്ചിയെ ബലാത്സംഗം ചെയ്തു ; 2 പേർ പിടിയിൽ
