കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്ന വൈദ്യുതി കളഞ്ഞു കുളിച്ച് കെഎസ്ഇബി; തീരുമാനമെടുത്തപ്പോഴേക്കും മറ്റ് സംസ്ഥാനങ്ങൾ കൊണ്ടുപോയി; രൂക്ഷ വിമർശനവുമായി റെഗുലേറ്ററി കമ്മിഷൻ

തിരുവനന്തപുരം : കുറഞ്ഞവിലയ്ക്ക് ലഭിക്കുമായിരുന്ന വൈദ്യുതി അനാസ്ഥ കൊണ്ട് നഷ്ടപ്പെടുത്തിയ കെ.എസ്.ഇ.ബി.യെ രൂക്ഷമായി വിമർശിച്ച്‌ റെഗുലേറ്ററി കമ്മിഷൻ. ഹിമാചല്‍പ്രദേശില്‍ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സത്‌ലജ് ജല്‍ വൈദ്യുതി നിഗം ലിമിറ്റഡില്‍നിന്ന് 25 വർഷത്തേക്ക്‌ 4.46 രൂപയ്ക്ക് കിട്ടേണ്ടിയിരുന്ന 166 മെഗാവാട്ട് വൈദ്യുതിയാണ് തീരുമാനം വൈകിച്ച്‌ കെ.എസ്.ഇ.ബി. നഷ്ടപ്പെടുത്തിയത്.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കൂടിയ വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ടിവരുകയും അതിന്റെ ബാധ്യത ഉപഭോക്താക്കളെ അടിച്ചേല്‍പ്പിക്കുകയും ചെയ്യുമ്പോഴാണ് ഈ അനാസ്ഥ. പാരമ്പര്യേതര സ്രോതസ്സുകളില്‍നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടാനുള്ളപ്പോള്‍ അത് വാങ്ങാനുള്ള കരാറുകളില്‍ ഏർപ്പെടാൻ കെ.എസ്.ഇ.ബി. തയ്യാറാവുന്നില്ലെന്നും കമ്മിഷൻ കുറ്റപ്പെടുത്തി. 2023 ഏപ്രില്‍ 24-നാണ് 1500 മെഗാവാട്ട് വൈദ്യുതിക്ക് സത്‌ലജ് നിഗം താത്പര്യമുള്ളവരെ ക്ഷണിച്ചത്. ഇതില്‍ 166 മെഗാവാട്ട് മാത്രം വാങ്ങാൻ കെ.എസ്.ഇ.ബി. തീരുമാനിച്ചു. ആ വർഷം ഡിസംബർ 11-ന് എത്രവേണമെന്ന് അറിയിക്കാൻ കമ്പനി കെ.എസ്.ഇ.ബി.ക്ക്‌ കത്തയച്ചു.

നാലുമാസം കഴിഞ്ഞ് ഈ മാർച്ചിലാണ് കെ.എസ്.ഇ.ബി. ആവശ്യം കമ്പനിയെ അറിയിച്ചത്. ഈ സമയത്തിനിടെ മറ്റ് സംസ്ഥാനങ്ങള്‍ ഈ വൈദ്യുതി വാങ്ങാനുള്ള കരാറില്‍ ഏർപ്പെട്ടു കഴിഞ്ഞിരുന്നു. ഈ വൈദ്യുതി വാങ്ങാൻ ടെൻഡർ വിളിക്കും മുൻപ്‌ അനുമതിക്കായി കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു. കമ്മിഷൻ തെളിവെടുപ്പ് നടത്തിയപ്പോള്‍ മുഴുവൻ വൈദ്യുതിക്കും മറ്റ് സംസ്ഥാനങ്ങളുമായി കരാർ ഉണ്ടാക്കിയ കാര്യം കമ്പനി അറിയിച്ചു. ഇതോടെ കെ.എസ്.ഇ.ബി.യുടെ അപേക്ഷ കമ്പനി തള്ളി.

രാത്രികാലത്തുള്‍പ്പടെ 1500 മെഗാവാട്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് സത്‌ലജ് നിഗം തയ്യാറായത്. എന്നാല്‍, കേരളത്തില്‍ വൈദ്യുതി ലഭ്യത കുറവായിട്ടും കുറഞ്ഞവിലയ്ക്ക് ലഭിക്കുമായിരുന്നിട്ടും എന്തുകൊണ്ട് കെ.എസ്.ഇ.ബി. 166 മെഗാവാട്ട്മാത്രം വാങ്ങാൻ തീരുമാനിച്ചുവെന്നതിലും വ്യക്തതയില്ല. ഇതിന് കമ്മിഷൻ കാരണം തേടിയിരുന്നു. ഇതില്‍ കെ.എസ്.ഇ.ബി. നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി.

കാറ്റ്, സൗരോർജം എന്നിവയില്‍നിന്ന് ഉത്‌പാദിപ്പിക്കുന്നതാണ് ഈ വൈദ്യുതി. ഇത് ആവശ്യത്തിനു വാങ്ങിയിരുന്നെങ്കില്‍ ഹരിത വൈദ്യുതി ഉപയോഗത്തില്‍ കെ.എസ്.ഇ.ബി.ക്ക് ലക്ഷ്യം കാണാമായിരുന്നു.രാജ്യത്ത് പാരമ്ബര്യേതര ഊർജ ഉത്‌പാദനം പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ പദ്ധതികളുണ്ട്. ഇതിന്റെ ഭാഗമായി വിവിധ കമ്ബനികള്‍ ഇത്തരം വൈദ്യുതി വാഗ്ദാനം ചെയ്യുന്നുണ്ട്.

സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് (എസ്.ഇ.സി.ഐ.) ജൂണിലും ജൂലായിലും 1200 മെഗാവാട്ട് വൈദ്യുതിക്കുവീതം ലേലത്തിനുള്ള അപേക്ഷ ക്ഷണിച്ചിരുന്നു. 3.46 രൂപയായിരുന്നു പരമാവധി വില. ഇത് പ്രയോജനപ്പെടുത്താൻ കെ.എസ്.ഇ.ബി. എന്തുചെയ്തുവെന്ന് ഒരുമാസത്തിനകം അറിയിക്കാനും കമ്മിഷൻ ഉത്തരവായി.

കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങുവാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ഏർപ്പെട്ട ദീർഘകാല കരാറിൽ നിന്ന് പിൻവാങ്ങിയ കെഎസ്ഇബി നീക്കവും ഉപഭോക്താക്കളുടെ മേൽ അധിക ബാധ്യത ഏൽപ്പിച്ചിരുന്നു. കേന്ദ്ര സബ്സിഡി ഒഴിവാക്കി സ്വന്തം നിലയിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ എടുത്ത തീരുമാനത്തിന്റെ അധിക ബാധ്യതയും ഉപഭോക്താക്കളുടെ തലയിലാണ്. നഷ്ടത്തിൽ പോകുന്ന സ്ഥാപനത്തിൽ വൻ ശമ്പള വർദ്ധനവ് നടത്തിയതിന്റെ അധിക ബാധ്യത നിലവിൽ ഉപഭോക്താക്കൾ ചുമക്കുകയാണ്. ഇങ്ങനെ മലയാളികളെ കുത്തിപ്പിഴിഞ്ഞ് ചൂഷണം ചെയ്യാൻ മാത്രമുള്ള ഒരു സ്ഥാപനമായി കെഎസ്ഇബി മാറുന്നതായുള്ള ആക്ഷേപവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!