വയനാട്: മുണ്ടക്കൈ- ചൂരൽമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് നിർമിച്ച ബെയ്‌ലി പാലം വയനാടിന് സമർപ്പിച്ച് സൈന്യം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് നിർമ്മാണം പൂർത്തിയായത്. രക്ഷാപ്രവർത്തനം പൂർത്തിയായാലും തൽക്കാലം പാലം പൊളിക്കില്ല. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് ചുമതലയുള്ള മേജർ ജനറൽ വി.ടി മാത്യുവാണ് ഇക്കാര്യം അറിയിച്ചത്.
പാലനിർമാണം പൂർത്തിയായതോടെ യന്ത്രസഹായത്തോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാകുമെന്ന് മേജർ ജനറൽ വി.ടി മാത്യു വ്യക്തമാക്കി. ഭാരമേറിയ വാഹനങ്ങൾ പോലും കടന്ന് പോവാൻ കഴിയുന്നത്ര ബലത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. ഇതിന്റെ പരീക്ഷണവും നടന്നു.

രക്ഷാപ്രവർത്തനം പൂർത്തിയായാലും പാലം പൊളിക്കില്ല. സർക്കാർ സ്ഥിരമായ ഒരു പാലം നിർമിക്കുന്നതുവരെ ഇവിടുത്തെ ജനങ്ങൾക്ക് ബെയ്‌ലി പാലം സഞ്ചാരത്തിന് ഉപയോഗിക്കാം. പാലം ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്നും മേജർ ജനറൽ അറിയിച്ചു.
ഏകദേശം 34 മണിക്കൂർ കൊണ്ടാണ് പാലം സൈന്യം പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ രക്ഷാ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. മദ്രാസ് റെജിമെന്റിലെ എൻജിനീയറിംഗ് സംഘമാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടായിരുന്നു പാലം പൂർത്തിയാക്കിയതിന്റെ ആഹ്ലാദം സേന പങ്കുവച്ചത്.
