തിരുവനന്തപുരം: കോഴിക്കോട് പിഎസ്സി മെമ്പറെ നിയമിക്കാൻ ഡിവൈഎഫ്ഐ നേതാക്കൾ ലക്ഷങ്ങൾ കോഴവാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്നും ഇതിന് സർക്കാർ പിന്തുണയുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിൽ പിഎസ്സിയുടെ പേരിൽ ഏറ്റവും തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണ്. ഏറ്റവും കൂടുതൽ പിഎസ്സി മെമ്പർമാരുള്ളതും നമ്മുടെ സംസ്ഥാനത്താണ്. എന്നാൽ അതേസമയം അപ്രഖ്യാപിത നിയമന നിരോധനമാണ് ഇവിടെയുള്ളത്. കോഴ ആരോപണം ഉയർന്നിരിക്കുന്നത് ഭരണസിരാകേന്ദ്രത്തിന് നേരെയാണ്. സർക്കാരിൽ ഏറ്റവും സ്വാധീനമുള്ള മന്ത്രിയുടെ അടുപ്പക്കാരനാണ് കോഴവാങ്ങിയിരിക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടന്നത്. ഇതിൽ സമഗ്ര അന്വേഷണം വേണം. ഭരണഘടനാ സ്ഥാപനത്തിലേക്കുള്ള നിയമനത്തിലാണ് തട്ടിപ്പ് എന്നത് ഗൗരവതരമാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് സിപിഎമ്മിന്റെ തീവെട്ടിക്കൊള്ള നടക്കുകയാണ്. മാനാഞ്ചിറയിലെ കോൺട്രസ്റ്റ് ഏറ്റെടുക്കാതെ വലിയ ഹോട്ടൽ സമുച്ചയം ഉണ്ടാക്കാൻ നോക്കുകയാണ് സിപിഎം. സുപ്രീംകോടതിയും രാഷ്ട്രപതിയും ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ കോൺട്രസ്റ്റ് ഏറ്റെടുക്കുന്നില്ല. തൊഴിലാളികളെ വഞ്ചിക്കുന്ന ഇതേ ടീം തന്നെയാണ് പിഎസ്സി മെമ്പർ നിയമന തട്ടിപ്പിനും പിന്നിൽ. കെഎസ്ആർടിസി സ്റ്റാൻഡ് നിർമ്മാണത്തിൽ കോടികളുടെ അഴിമതിയാണ് നടന്നത്. നിർമ്മാണത്തിലെ അപാകതയും കൈമാറ്റത്തിലെ തട്ടിപ്പും സർക്കാരിന്റെ ഒത്താശയോടെയാണ്. തുറമുഖ വകുപ്പ് കടപ്പുറത്ത് കണ്ണായ സ്ഥലത്ത് ഹോട്ടൽ പണിയാൻ സിപിഎം നേതാവിൻ്റെ ബന്ധുവിന് സ്ഥലം നൽകിയത് മറ്റൊരു ക്രമക്കേടാണ്. എല്ലാത്തിനും സർക്കാരിൻ്റെ പിന്തുണയുള്ളതു കൊണ്ട് മാഫിയകൾ തഴച്ച് വളരുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
*ബിജെപി വിശാല നേതൃയോഗം ജെപി നദ്ദ ഉദ്ഘാടനം ചെയ്യും*
ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗം അഖിലേന്ത്യാ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ ഉദ്ഘാടനം ചെയ്യുമെന്ന് കെ.സുരേന്ദ്രൻ അറിയിച്ചു. രാവിലെ 10.30 മുതൽ വൈകുന്നേരം 6 മണിവരെ ഗിരിദീപം കൺവെൻഷൻ സെന്ററിലാണ് നേതൃയോഗം നടക്കുക. ബിജെപിയുടെ പഞ്ചായത്ത്-ഏരിയ പ്രസിഡന്റുമാർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ പങ്കെടുക്കുന്ന യോഗമാണിത്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ വിജയത്തോടനുബന്ധിച്ച് പാർട്ടിയെ ശക്തമാക്കാനുള്ള തുടർ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാവും.
പി.എസ്.സി തട്ടിപ്പിനും സർക്കാർ പിന്തുണ: കെ.സുരേന്ദ്രൻ
