തൃശൂര്‍: മനുഷ്യക്കടത്തിനിരയായി യുക്രൈയ്ന്‍ – റഷ്യ യുദ്ധമുഖത്തെത്തി കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹത്തിനായുള്ള കാത്തിരിപ്പ് തുടര്‍ന്ന് കുടുംബം. ഏഴ് മാസം മുന്‍പാണ് തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ബിനില്‍ യുക്രൈയ്ന്‍ – റഷ്യ യുദ്ധ മുഖത്ത് കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബിനിലിന്റെ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഇക്കാലമത്രയും കുടുംബം.
വടക്കാഞ്ചേരി സ്വദേശിയായ ബിനില്‍ ടി ബി, 2024 ഏപ്രില്‍ 24 നാണ് റഷ്യയിലേക്ക് തിരിച്ചത്. മോസ്‌കോയില്‍ ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു യുവാക്കളെ റഷ്യയിലേക്ക് എത്തിച്ചത്. എന്നാല്‍ റഷ്യയില്‍ എത്തിയ ബിനില്‍ ഉള്‍പ്പെടെയുള്ളവരെ സൈനിക സെറ്റില്‍മെന്റിലായിരുന്നു എത്തിച്ചത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്ത ശേഷം സൈനിക ക്യാപുകളില്‍ സഹായികളായി നിയോഗിക്കുകയായിരുന്നു. ആദ്യ ദിവസങ്ങളില്‍ ക്യാപില്‍ ഭക്ഷണം ഉള്‍പ്പെടെ വിതരണം ചെയ്യുന്ന ജോലിയായിരുന്നു നല്‍കിയത്. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇവരെ റഷ്യന്‍ സൈനികര്‍ക്കൊപ്പം യുദ്ധ മുന്നണിയിലേക്ക് അയക്കുകയായിരുന്നു.
ബിനില്‍, ജെയിന്‍ എന്നിവര്‍ ആയിരുന്നു ഒരേ ക്യാംപില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സന്തോഷ്, സന്ദീപ് എന്നീ രണ്ട് മലയാളികള്‍ മറ്റൊരും ക്യാംപിലും ഉണ്ടായിരുന്നു. റഷ്യയില്‍ നിന്നും മടങ്ങിയെത്തിയ മെയ് മാസത്തില്‍ റഷ്യയില്‍ നിന്ന് മടങ്ങിയെത്തിയ ജെയിന്‍ കുര്യന്റെ വാക്കുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരി അഞ്ചിനാണ് ബിനിലിനെ അവസാനമായി കണ്ടെതെന്നാണ് വിവരം. ബിനിലിനൊപ്പം ഉണ്ടായിരുന്ന തന്നെ ജനുവരി 6 ന് എന്നെ മറ്റൊരു റെജിമെന്റിലേക്ക് മാറ്റി. തലേന്നാണ് ബിനിലിനെ അവസാനമായി കാണുന്നത്. ജനുവരി 6 ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ ബിനില്‍ നിശ്ചലമായി കിടക്കുന്നത് കണ്ടിരുന്നു. യാത്രയ്ക്കിടെ ഉണ്ടായ മറ്റൊരു ആക്രമണത്തില്‍ തനിക്കും പരിക്കേറ്റിരുന്നു. ജെയിന്‍ പറയുന്നു. റഷ്യയില്‍ കൊല്ലപ്പെട്ട മറ്റൊരു മലയാളിയായ സന്ദീപ് മരിച്ചപ്പോള്‍ സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ അദ്ദേഹത്തിന്റെ മൃതദേഹം മോസ്‌കോയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ എന്നാല്‍ ബിനിലിന്റെ മൃതദേഹം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല,- അദ്ദേഹം പറഞ്ഞു.
മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം തേടി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും പ്രതീക്ഷപുലര്‍ത്താവുന്ന ഒരു വിവരവും ലഭിച്ചില്ലെന്ന് ബിനിലിന്റെ പിതാവ് ബാബു പറയുന്നു. നാല് തവണ തിരുവനന്തപുരത്ത് പോയി, നോര്‍ക്ക, റഷ്യന്‍ എംബസി എന്നിവരുമായി സംസാരിച്ചു. വിദേശകാര്യ മന്ത്രാലയം, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങിയവര്‍ക്കും കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ പ്രതീക്ഷ നല്‍കുന്ന വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ മാനസിക ബുദ്ധിമുട്ടിലൂടെയാണ് താനും കുടുംബവും കടന്നുപോകുന്നത് എന്നും ബാബു പറയുന്നു.
2024 ഓഗസ്റ്റ് 13 നായിരുന്നു ബിനില്‍ ജോയ്‌സി ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ബിനില്‍ റഷ്യയിലേക്ക് തിരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നു ജോയ്‌സി. തന്റെ പിതാവിന്റെ മൃതദേഹമെങ്കിലും കുഞ്ഞിനെകാണിക്കാന്‍ ആകുമോ എന്ന പ്രതീക്ഷയാണ് കുടുംബത്തിനുള്ളത്. മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം. ഇതിനായി ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശപ്രകാരം, തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ബിനിലിന്റെ കുടുംബത്തിന്റെ ഡിഎന്‍എ സാമ്പിളുകള്‍ നല്‍കിയിരുന്നു. ഡിഎന്‍എ സാമ്പിളുകള്‍ രണ്ടാഴ്ച മുമ്പ് എംബസി അധികൃതര്‍ക്ക് അയച്ചതായി തൃശൂര്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചതാണ് ഏറ്റവും ഒടുവിലെ വിവരം .
തുടരുന്നതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നു എന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശ്ശേരി പ്രതികരിച്ചു. യുദ്ധം കാരണം നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. ബിനിലിനെ കാണാനില്ലെന്ന് റഷ്യന്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ റഷ്യന്‍ കോടതിയില്‍ സൈന്യം ഒരു സത്യവാങ്മൂലം സമര്‍പ്പിക്കും, അതിന്റെ അടിസ്ഥാനത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയും. മതദേഹം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് വിവരങ്ങളില്ലെന്നും നോര്‍ക്ക റൂട്ട്‌സ് സിഇഒയും പറയുന്നു.
