തിരുവനന്തപുരം : ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ പുറത്തുവിടുന്നതിനോട് യോജിപ്പാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
നടിമാരടക്കം സിനിമാമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു ഹേമ കമ്മിറ്റി പഠിച്ചത്. മുൻകിട നായികമാർ മുതൽ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ വരെ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. പല പ്രമുഖർക്കുമെതിരെ വരെ പരാതി ഉണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയായിരുന്നു സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയത്.എന്നാൽ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീമാണ് ഉത്തരവിട്ടത്. ആര്‍ടിഐ നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
2019 ഡിസംബര്‍ 31നാണ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡബ്ല്യുസിസി ഉള്‍പ്പടെയുള്ളവര്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍.