ബെംഗളൂരു : ഭാരതീയ മസ്ദൂര്‍ സംഘിന്റെ കീഴില്‍ ഭാരതീയ നഴ്സസ് ആന്‍ഡ് അലൈഡ് സംഘ് നിലവില്‍വന്നു. നഴ്‌സുമാര്‍ക്കിടയില്‍ പല സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട ചില ചെറു സംഘടനകള്‍ നിലവിലുണ്ടെങ്കിലും ദേശീയ അടിസ്ഥാനത്തില്‍ നഴ്‌സുമാക്ക് ഇടയില്‍ ഒരു സംഘടന രൂപം കൊളളുന്നത് ആദ്യമായാണ്.

ബിഎംഎസ് ദേശീയപ്രഭാരി കെ. കെ വിജയകുമാര്‍ ആണ് പ്രസിഡന്റ്. ജിജു തോമസ് (ബെംഗളുരു) ദേശീയ കണ്‍വീനറും അനില്‍കുമാര്‍ എം.എ (കോട്ടയം)ദേശീയ ജോയിന്റ് കണ്‍വീനറുമാണ്. ബിഎംഎസ് നേതൃത്വത്തിലുള്ള പുതിയ സംഘടന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും ആരോഗ്യ മേഖലയിലും ശക്തമായ മുന്നേറ്റം ഉണ്ടാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഭാരതീയ നഴ്സസ് ആന്‍ഡ് അലൈഡ് പ്രൊഫഷണല്‍സ് സംഘ് ഇന്ത്യയിലും വിദേശത്തുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പദവിയും ക്ഷേമവും ഉയര്‍ത്തുന്നതിലെ സുപ്രധാന നാഴികക്കല്ലാവും. നഴ്‌സുമാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാനും തൊഴിലിടങ്ങളില്‍ നേരിടുന്ന ശാരീരിക മാനസിക പീഡനങ്ങള്‍ക്കെതിരെ പോരാടാനും പുതിയൊരു ആരോഗ്യ സംസ്‌കാരം ഭാരതത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും ശാക്തീകരിക്കാനുമുള്ള ദൗത്യമാണ് ഈ സംഘടന ഏറ്റെടുക്കുന്നതന്ന് അവര്‍ പറഞ്ഞു.

ഒക്ടോബര്‍ അവസാനവാരം അയ്യായിരത്തില്‍ പരം നഴ്‌സുമാരും മറ്റ് അനുബന്ധ ആരോഗ്യപ്രവര്‍ത്തകരും പങ്കെടുക്കുന്ന വിപുലമായ ദേശീയ അവകാശ പ്രഖ്യാപന റാലിയും കണ്‍വെന്‍ഷനും ദല്‍ഹിയില്‍ സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, എം.പിമാര്‍, എംഎല്‍എമാര്‍, ആരോഗ്യമേഖലയിലെ വിദഗ്ദര്‍ തുടങ്ങിയവര്‍ മൂന്നു ദിവസത്ത ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
