‘വലിയ സ്ഫോടനങ്ങളെപ്പോലും അടിച്ചമർത്തി രസിപ്പിച്ചയാൾ’; കാൽ നൂറ്റാണ്ടിന് ശേഷം അമ്മ മീറ്റിങ്ങിൽ സുരേഷ് ഗോപി

കൊച്ചി : 27 വർഷങ്ങൾക്ക് ശേഷം അമ്മ ജനറൽ ബോഡി മീറ്റിങ്ങിനെത്തി സുരേഷ് ഗോപി. ഉപഹാരം നൽകിയാണ് സുരേഷ് ഗോപിയെ വേദിയിലേക്ക് മോഹൻലാൽ ക്ഷണിച്ചത്. കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ഗോപിയെ താര സംഘടന ആദരിക്കുകയും ചെയ്തു.

അദ്ദേഹത്തിന് പുതുക്കിയ അംഗത്വ കാർഡും ഇടവേള ബാബു കൈമാറി. അമ്മയിൽ നിന്ന് 1997 ൽ പടിയിറങ്ങേണ്ടി വന്നതിനേക്കുറിച്ചും സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി.

“ഓരോ കഥാപാത്രത്തിലൂടെയും ഞാൻ വിരിഞ്ഞുവരുകയായിരുന്നു. ഞാൻ എന്ന വ്യക്തിയെ മെനഞ്ഞെടുക്കുന്നതിൽ സിനിമ വഹിച്ച പങ്ക് വലുതാണ്. അതിന്റെ ആഴം അളക്കാവുന്നതല്ല. എന്റെ കഥാപാത്രങ്ങൾക്കുവേണ്ടി എതിർഭാഗത്ത് നിന്ന് തല്ലുവാങ്ങിയവർ, എനിക്ക് ശക്തി നൽകിയവർ, സോമേട്ടൻ, രാജൻ പി. ദേവ്, എൻ.എഫ്. വർഗീസ്, നരേന്ദ്രപ്രസാദ് ഒരുപാട് പേരോട് കടപ്പാടുണ്ട്.

സിനിമയിലെ എന്റെ പൊലീസ് കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ അത് സമൂഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്ന് പറയുന്നിടത്താണ് ഒരു വ്യക്തിയെന്ന നിലയിൽ എന്റെ ബലത്തിന് കാരണമായിട്ടുള്ളത്. വലിയൊരു എലമെന്റാണ് കാക്കി എന്നത്. ആ കാക്കിയെ ഈ വേദിയിൽ നിന്നു കൊണ്ട് ഞാൻ ആദരവോടെ ഓർക്കുകയാണ്. സിനിമയിൽ വന്ന കാലത്ത് സഹകരിക്കുകയല്ല പെരുമാറാൻ നിന്ന് തന്ന സുഹൃത്തായിരുന്നു മോഹൻലാൽ. എനിക്ക് മുറി ഉണ്ടായിരുന്നെങ്കിൽ പോലും ഞാൻ മിക്ക ദിവസം അദ്ദേഹത്തിന്റെ മുറിയിലായിരുന്നു.

അതിന് ശേഷം അടുത്ത മമ്മൂക്കയാണെങ്കിലും വിജയ രാഘവൻ, സിദ്ദിഖ് തുടങ്ങിയവരോടൊപ്പം ചെയ്ത സിനിമകളെല്ലാം ഇതാണെന്റെ കുടുംബം എന്ന തോന്നൽ നൽകിയിരുന്നു. എന്നെ ഞാനാക്കിയതിൽ അമ്മ, മാക്ട, ഫെഫ്ക എല്ലാമുണ്ട്. വർഷങ്ങളോളം അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റിനെയും സുരേഷ് ഗോപി ഓർമ്മിച്ചു. വലിയ സ്‌ഫോടനങ്ങളെ ഏറുപടക്കത്തിന്റെ പോലും ശബ്ദത്തിന്റെ ഫലമുണ്ടാക്കാത്ത തരത്തിൽ അടിച്ചമർത്തി രസം പകർന്ന അമ്മയുടെ നാഥനായിരുന്നു ഇന്നസെന്റ്.

അതുപോലെ ആർക്കെങ്കിലും ആകാൻ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ട്. അദ്ദേഹം ഈ സംഘടനയെ നയിക്കുന്ന ഓരോ ഭാരവാഹിക്കും ഉത്തമമായ ഒരു പാഠപുസ്തകമായിരിക്കണമെന്നും” സുരേഷ് ഗോപി പറഞ്ഞു.

ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തർക്കത്തിനെ തുടർന്ന് 1997-ലാണ് സുരേഷ് ഗോപി അമ്മയിൽ നിന്നും അകന്നത്. വർഷങ്ങൾക്ക് ശേഷം ഇടവേള ബാബുവിന്റെ ഇടപെടലിലൂടെ സംഘടനയിൽ അദ്ദേഹം തിരിച്ചെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!