കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുൻ മന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേ ഭാരതിൽ വച്ചായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്. ‘കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതിൽ. ഒരു വലിയ ആലിംഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ.കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ് ഹിന്ദ്’ – എന്നാണ് മേജർ രവി ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയും കെ.കെ ശൈലജയും ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. സുരേഷ് ഗോപി തൃശൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ കെ.കെ ശൈലജ വടകരയിൽ പരാജയപ്പെട്ടു.
ഓപ്പറേഷൻ റാഹത്ത് എന്ന ചിത്രത്തിലൂടെ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മേജർ രവി. ശരത് കുമാറാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.