മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇറ്റലി : ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ജി 7 വേദിയില്‍ വച്ച് കണ്ടപ്പോഴാണ് മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. മാർപാപ്പയെ ആലിംഗനം ചെയ്തുകൊണ്ടാണ് മോദി സംസാരിച്ചത്.

ജനങ്ങളെ സേവിക്കാനുള്ള മാർപാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നുവെന്ന് മോദി പറഞ്ഞു. മോദിക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായും ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി 7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തത്.

സാങ്കേതിക വിദ്യ വിനാശത്തിനല്ല ക്രിയാത്മകമാക്കാനാണ് ഉപയോഗിക്കേണ്ടതെന്നും ഉച്ചകോടിയിൽ സംസാരിക്കവേ മോദി പറഞ്ഞു. എങ്കില്‍ മാത്രമേ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമൂഹമാകാൻ കഴിയൂ. ഇന്ത്യ മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിലൂടെയാണ് നല്ല ഭാവിക്കായി ശ്രമിക്കുന്നത്. നിർമിത ബുദ്ധിയില്‍ ദേശീയനയം രൂപപ്പെടുത്തിയ അപൂർവം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും മോദി ചൂണ്ടിക്കാട്ടി.

2070 ഓടെ ഇന്ത്യ കാർബണ്‍ എമിഷൻ മുക്തമാകാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. 2047 ഓടെ വികസിത രാജ്യമാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!