കോട്ടയം : കനത്ത ചൂടിൽ നെൽകർഷകർ ദുരിതത്തിൽ. വിള നഷ്ടത്തിനൊപ്പം വിളവ് കുറയുന്നതിന്റെയും പ്രതിസന്ധിയിലാണ് നെൽകർഷകർ. 32 മുതൽ 35 ഡിഗ്രി ചൂട് വരെ നെൽച്ചെടി താങ്ങും. എന്നാൽ പതിവായി 36 ഡിഗ്രിക്ക് മുകളിലേയ്ക്ക് ചൂട് രേഖപ്പെടുത്തുന്നത് വിളനഷ്ടത്തിനിട യാക്കും. മിക്ക ദിവസവും സംസ്ഥാനത്ത് കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത് കോട്ടയം ജില്ലയിലാണ്.
ഇന്നത്തെ നിലയിൽ ഏക്കറിൽ അഞ്ച് ക്വിന്റലെങ്കിലും വിളവ് കുറയുമെന്നാണ് കണക്ക്. കാഴ്ചയിൽ നെൽച്ചെടികളിൽ മാറ്റം കാണുകയില്ലെങ്കിലും പതിരിന്റെ അളവ് കൂടും. ചൂട് കാറ്റ് ശക്തമാകുന്ന താണ് കാരണം. പതിരിന്റെ അളവു കൂടിയാൽ സംഭരണ വേളയിൽ കരാറുകാർ കിഴിവ് ആവശ്യപ്പെടും.
ചൂട് കൂടിയെങ്കിലും നദികളിൽ ജലനിരപ്പ് കുറയാതിരുന്നാൽ നെല്ലിന്റെ ചുവട്ടിൽ ഈർപ്പം ലഭിക്കും. എന്നാൽ തണ്ണീർമുക്കം ബണ്ട് അടഞ്ഞുകിടന്നിട്ടും മീനച്ചിലാറ്റിൽ ജലനിരപ്പ് താഴുന്നതാണ് ആശങ്ക. പലയിടത്തും നെൽച്ചെടികൾ ഉണങ്ങിത്തുടങ്ങി.
നെല്ലിന് പുറമെ ഇതര കാർഷിക വിളകൾക്കും ചൂട് പ്രതിസന്ധിയാണ്. വർദ്ധിക്കുന്ന ചൂട് വാഴക്കർഷകരെയാണ് ഏറെ വലയുന്നത്. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ ചൂട് കാറ്റിൽ ഒടിഞ്ഞു വീഴുകയാണ്. പാവൽ, പടവലം, വെള്ളരി എന്നിവയുടെ ഉത്പാദനം കുറഞ്ഞു. ചൂടുകൂടിയ സമയത്ത് ലഭിക്കുന്ന വിളവിന് വലുപ്പം കുറവായതിനാൽ മാർക്കറ്റിൽ വേണ്ടത്ര വില ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു.
