ഈരാറ്റുപേട്ട: മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മേഖലയിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
മൂന്നിലവ്, തീക്കോയി, തലനാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലാണ് ശക്തമായ മഴ പെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ നാല് മണിയോടെയാണ് ശക്തി കുറഞ്ഞത്.
നാല് ദിവസമായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇതോടെ മീനച്ചിലാറ്റിലും കൈവഴികളിലും ജലനിരപ്പുയര്‍ന്നു.
മൂന്നിലവിലാണ് കൂടുതല്‍ ശക്തമായ മഴ രേഖപ്പെടുത്തിയത്. വാകക്കാട് പാലത്തില്‍ വെള്ളം കയറി, ഇടമറുക് രണ്ടാറ്റുമുന്നി വാകക്കാട് റോഡ് വെള്ളം കയറി ഗതാഗതം മുടങ്ങി.

പഴുക്കാക്കാനം അടക്കമുള്ള മേഖലകളില്‍ അതിശക്തമായ മഴയായിരുന്നു. മീനച്ചിലാറില്‍ തീക്കോയി മേഖലയിലും ജലനിരപ്പ് ഉയര്‍ന്നു. തീക്കോയി മാര്‍മല അരുവിയില്‍ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു. മാര്‍മല അരുവിയില്‍ കനത്ത വെള്ളച്ചാട്ടം ആണ് രൂപപ്പെട്ടിരിക്കുന്നത്.
അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതോടെ ആറ്റില്‍ കെട്ടിയിരുന്ന പോത്തുകള്‍ ഒഴുകിപ്പോയി. ഇളപ്പുങ്കല്‍ ചെക്ക്ഡാമിന് സമീപമാണ് സംഭവം. അഗ്നിരക്ഷാസേനയും സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്ത് തെരച്ചില്‍ നടത്തുകയാണ്.
ഉച്ചവരെ വളരെ ചെറിയ അളവില്‍ മാത്രമാണ് വെള്ളമൊഴുക്ക് ഉണ്ടായിരുന്നത്. ആറ്റില്‍ ഇരുവശത്തായാണ് വെള്ളമൊഴുകിയിരുന്നത്. ആറിന് നടുക്കുള്ള മണ്‍തിട്ടയിലാണ് മൂന്ന് പോത്തുകളെ കെട്ടിയിരുന്നത്. കെട്ടിയിട്ടിരുന്ന ഒരെണ്ണമൊഴികെ ബാക്കി രണ്ടും വലിയ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയതായാണ് സംശയം.
