രജിസ്ട്രാർ ഓഫീസിൽ വൈദ്യുതി മുടക്കം…വിവാഹ സർട്ടിഫിക്കറ്റിനായി ജനറേറ്ററുമായി പ്രവാസി ദമ്പതികൾ…

പാമ്പാടി (കോട്ടയം) : രജിസ്ട്രാർ ഓഫീസിൽ വൈദ്യുതി മുടക്കം. വിദേശത്ത് സ്ഥിര താമസമാക്കിയ യുവദമ്പതികൾ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാനായി രജിസ്ട്രാർ ഓഫീസിൽ എത്തിച്ചത് ജനറേറ്റർ.

കോട്ടയം പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിലാണ് സംഭവം. അമേരിക്കയിലേക്ക് മടങ്ങും മുൻപ് വിവാഹ സർട്ടിഫിക്കറ്റ് വാങ്ങാനായി എത്തിയപ്പോഴാണ് വൈദ്യുതി ലൈനിൽ പണിമുടക്ക് ആയതിനാൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ കറന്റില്ലെന്ന് മനസിലാക്കിയത്.

ശനിയാഴ്ച മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തിരുന്നതിനാൽ സർട്ടിഫിക്കറ്റ് വാങ്ങൽ മറ്റൊരു ദിവസത്തേക്ക് നീട്ടിവയ്ക്കാൻ ആവാത്ത സാഹചര്യവും നേരിട്ടതോടെയാണ് ദമ്പതികൾ സബ് രജിസ്ട്രാർ ഓഫീസിലേക്ക് ജനറേറ്റർ എത്തിച്ചത്. വൈദ്യുതി വരാൻ ഉച്ച വരെ കാത്തിരുന്ന ശേഷമായിരുന്നു യുവ ദമ്പതികളുടെ നടപടി.

പാമ്പാടിയിൽ നിന്നാണ് ദമ്പതികൾ ജനറേറ്റർ എത്തിച്ചത്. ജീവനക്കാരുടെ അടക്കം സമ്മതത്തോടെയായിരുന്നു നടപടി. വൈദ്യുതിബന്ധം പുനസ്ഥാപിച്ച് ജീവനക്കാർ സന്തോഷത്തോടെയാണ് ദമ്പതികൾക്ക് സർട്ടിഫിക്കറ്റ് നൽകിയത് . സർട്ടിഫിക്കറ്റുമായി ശനിയാഴ്ച ദമ്പതികൾ അമേരിക്കയ്ക്ക് മടങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!