പാമ്പാടി : കെട്ടിട നികുതി, തൊഴില്‍കരം, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് എന്നിവ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കുത്തിപ്പിഴിഞ്ഞുണ്ടാക്കിയ പത്തു കോടിയോളം രൂപ പൂഴ്ത്തി വെച്ചിരിക്കുന്നത് പഞ്ചായത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് പഞ്ചായത്ത് കമ്മറ്റി ബഹിഷ്‌കരിച്ച് പഞ്ചായത്ത് ഓഫീസ് കവാടത്തിൽ ധര്‍ണ്ണ നടത്തി. ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് അഡ്വ. സിജു കെ.ഐസക്ക് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ ജനങ്ങള്‍ ഭരണസമിതിയെ ശപിക്കുകയാണ്. ബസ്സിറങ്ങിയാല്‍ പഞ്ചായത്ത് റോഡുകളിലേക്ക് ഓട്ടം വിളിക്കാതിരിക്കുവാന്‍ ഓട്ടോറിക്ഷക്കാര്‍ ഒഴിഞ്ഞു മാറുന്ന അവസ്ഥയിലേക്ക് പാമ്പാടി ഗ്രാമപഞ്ചായത്തിലെ റോഡുകള്‍ മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു.
സമീപത്തെ ചെറിയ പഞ്ചായത്തുകളില്‍ പോലും ഒരു വാര്‍ഡില്‍ 20-25 ലക്ഷം രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചപ്പോള്‍ സമയബന്ധിതമായി പണികള്‍ പൂര്‍ത്തിയാക്കാതിരുന്നതിനാല്‍
പാമ്പാടി പഞ്ചായത്തിന് ലോകബാങ്ക് സഹായവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റും മെയിന്റനന്‍സ് ഗ്രാന്റും
നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.
നവകേരള സദസുമായി പാമ്പാടിയില്‍ എത്തിയ മുഖ്യമന്ത്രി ജലനിധി പദ്ധതി പ്രകാരം പൈപ്പിടുന്നതിനു വെട്ടിക്കുഴിച്ച റോഡുകളുടെ പുനരുദ്ധാരണത്തിന് 9 കോടി അനുവദിച്ചുവെന്നു പ്രചരണം നടത്തിയവര്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല. വാട്ടര്‍ അതോറിറ്റി ഇക്കാര്യത്തിനായി അനുവദിച്ച പണവും വിനിയോഗിക്കപ്പെ ടുന്നില്ല. പാര്‍ട്ടി ഓഫീസുകളില്‍ നിന്നും നല്‍കുന്ന തിട്ടൂരത്തിന് അനുസരിച്ചേ പഞ്ചായത്തിലെ ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത പണം വിനിയോഗിക്കു കയുള്ളവെന്ന ധാര്‍ഷ്ട്യം അംഗീകരിക്കാ നാവില്ലെന്ന് പ്രതിപക്ഷ നേതാവ് സെബാസ്റ്റ്യന്‍ ജോസഫ് പറഞ്ഞു.
പഞ്ചായത്ത് പ്രതിപക്ഷ മെമ്പര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ് , സുജാത ശശീന്ദ്രന്‍, പി.എസ് ഉഷാകുമാരി, ഏലിയാമ്മ ആന്റണി, അച്ചാമ്മ തോമസ് തുടങ്ങിയവരാണ് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.