കൊടുങ്ങൂർ : കൊടുങ്ങൂരിൻ്റെ നിറ സാന്നിധ്യമായിരുന്ന സോമഗിരി ഹോട്ടലിന്റെ ഉടമ സോമഗിരി സോമൻ ചേട്ടൻ വിടവാങ്ങി. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.
കോട്ടയം കുമളി റൂട്ടിൽ സഞ്ചരിക്കുന്നവർക്ക് മനസ്സിനും നാവിനും പ്രിയപ്പെട്ട ഇടമാണ് കൊടുങ്ങൂർ ജംഗ്ഷനിലെ സോമഗിരി ഹോട്ടൽ.
ഇല നിറയെ കറികളുമായി ഊണു വിളമ്പുന്ന സ്ഥലം എന്ന നിലിയിൽ പതിറ്റാണ്ടുകളായി ഇവിടം പ്രസിദ്ധമാണ്.
നാട്ടുകാരുടെ മാത്രമല്ല യാത്രക്കാരുടേയും രുചിയറിഞ്ഞ് വിളമ്പുന്നതിൽ സോമഗിരി ഹോട്ടൽ ഉടമ സോമൻ ചേട്ടൻ ഏവർക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു.
ഭക്ഷണം തയ്യാറായാൽ ആദ്യം ഉണ്ണുന്നതും അദ്ദേഹമായിരുന്നു. അതും സ്വന്തം സ്ഥാപനത്തിന്മേലുള്ള വിശ്വാസം.
രുചിയിലോ ഗുണനിലവാരത്തിലോ കടുകിട വിട്ടുവീഴ്ച ഇല്ലാതെ മിതമായ നിരക്കിൽ രണ്ടുമൂന്നു കൂട്ടം അച്ചാറും പപ്പടവും മുളകു വറുത്തതും മുളകു പൊട്ടിച്ചതും പച്ചടി, കിച്ചടി, തോരൻ, അവിയൽ, പരിപ്പ്, സാമ്പാർ, പുളിശേരി, മോര്, രസം കൂടാതെ പായസവുമായി ദിവസേന മുഴുനീള സദ്യവട്ടം ഒരുക്കുകയെന്നത് ചില്ലറ അധ്വാനമല്ല.
ഒരു ദോശ വാങ്ങിയാലും കൂട്ടിന് രണ്ടു കൂട്ടം ചട്നിയും സാമ്പാറും മുളകുപൊട്ടിച്ചതും ആവശ്യത്തിനു വിളമ്പുന്ന കടകൾ അപൂർവ്വം.
മകൻ പ്രവീൺ ആണ് ഇപ്പോൾ കടയുടെ ചുമതല എങ്കിലും അച്ഛൻ്റെ ഒരു മേൽനോട്ടം എപ്പോഴും അടുക്കളയിലും വിളമ്പുമേശയിലും ഉണ്ടായിരുന്നു.
കസവു മുണ്ടും ജൂബയും ഗോൾഡൻ ഫ്രെയിമുള്ള കണ്ണടയും ചീകിയൊതുക്കിയ താടിയും സ്വർണം കെട്ടിയ രുദ്രാക്ഷവും ഭസ്മക്കുറിയുമായി ആദ്യ കാഴ്ചയിൽ തന്നെ കണ്ണിലുടക്കുന്ന വ്യക്തിത്വം.
മുതലാളിയായി കൗണ്ടറിലിരിക്കാതെ ഓരോ മേശയിലും ആവശ്യാനുസരണം വിളമ്പിക്കൊടുക്കുന്നതിലായിരുന്നു എന്നും അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നത്.
വാഴൂരിൻ്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ കൈയ്യൊപ്പിട്ട വ്യക്തിത്വമാണ് ഇപ്പോൾ ഓർമ്മയായത്.
