ഭക്തരുടെ വഴിപാട് പണം സ്വീകരിച്ചത് സ്വന്തം ഗൂഗിൾ പേ നമ്പറിലേക്ക്;  ദേവസ്വം ഓഫീസർക്ക് സസ്പെൻഷൻ

കുളശേരി : വ്യക്തിഗത ഗൂഗിള്‍പേ നമ്പറിലൂടെ വഴിപാടുപണം സ്വീകരിച്ച ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ. കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി.സന്തോഷിനെയാണ് സസ്പെൻഡ് ചെയ്തത്.

കുളശ്ശേരി ക്ഷേത്രത്തിലെ ബോർഡില്‍ സ്വന്തം ഫോണ്‍നമ്പർ എഴുതി പ്രദർശിപ്പിച്ചാണ് സന്തോഷ് തട്ടിപ്പു നടത്തിയത്.

വഴിപാടുപണം സ്വന്തം നമ്പറിലുള്ള ഗൂഗിള്‍ പേ വഴി സ്വീകരിച്ചുവെന്ന് ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരത്തില്‍ ഭക്തരില്‍ നിന്നും വഴിപാടായി സ്വീകരിച്ച പണം ദേവസ്വം ബോർഡിലേക്ക് അടച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

2023 ഒക്ടോബർ മാസത്തിലാണ് ഇതുമായി ബന്ധപ്പെട്ട് ദേവസ്വത്തിന് പരാതി ലഭിക്കുന്നത്. എന്നാല്‍ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കുന്നത് 2024 ഫെബ്രുവരിയിലായിരുന്നു. പരാതി ലഭിക്കുന്നതിന് മുൻപേ ഊരകം ദേവസ്വം ഓഫീസർ സ്ഥാനത്തേക്ക് സന്തോഷിനെ മാറ്റിയെന്നാണ് വിവരം.

വകുപ്പുതല നടപടിയുണ്ടായെങ്കിലും ഇതില്‍ പോലീസ് അന്വേഷണം ആരംഭിച്ചില്ലെന്നാണ് അറിയുന്നത്. ഗൂഗിള്‍പേയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കൂടുതല്‍ അന്വേഷണത്തിന് ദേവസ്വം ബോർഡ് വിജിലൻസിന് പരിമിതിയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ബാങ്ക് രേഖകള്‍ പരിശോധിക്കാൻ ഇവർക്ക് സാധിക്കില്ലെന്നതിനാലാണിത്. ഇതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് ലോക്കല്‍ പോലീസിനെ സമീപിക്കണമെന്നും ദേവസ്വം വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!