കുറവിലങ്ങാട് (കോട്ടയം) : മധ്യവേനല്‍ അവധിക്കാലത്ത് സയന്‍സ് സിറ്റിയിലെ സയന്‍സ് സെന്റര്‍ തുറക്കുമെന്ന അധികൃതരുടെ ഉറപ്പ് ജലരേഖയായി. സയന്‍സ് സിറ്റിയുടെ നിര്‍മാണം തുടങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞു. സയന്‍സ് സിറ്റിയിലെ റോഡുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും തുടര്‍ന്ന് മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഒരുക്കി തുറക്കുമെന്നുമായിരുന്നു ഉറപ്പ്.
പക്ഷേ, പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ജോലികളുടെ ആദ്യഘട്ടം പോലും ആരംഭിച്ചിട്ടില്ല. റോഡുകളുടെ ടാറിങ്ങിനു പകരമായി ടൈലുകള്‍ സ്ഥാപിക്കുകയാണ്. ഒരുമാസത്തെ സമയമാണ് പൊതുമരാമത്ത് വകുപ്പിനു നല്കിയത്. 2 കിലോമീറ്ററോളം വരുന്ന റോഡ് നവീകരണം നടത്തുന്നതിനായി 3.5 കോടി രൂപ പൊതുമരാമത്ത് വകുപ്പിനു കൈമാറിയിട്ടുണ്ട്. എന്നാല്‍ പരിശോധനകളും ഉദ്യോഗസ്ഥ സന്ദര്‍ശനവും നടന്നതല്ലാതെ റോഡ് നവീകരണം ആരംഭിച്ചിട്ടില്ല.
സയന്‍സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി സയന്‍സ് സിറ്റിയുടെ പരിസര പ്രദേശങ്ങളുടെ ശുചീകരണം നടക്കുന്നുണ്ട്. ഇതിനായി താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ശുദ്ധജല സൗകര്യവും വൈദ്യുതിയും താമസിയാതെ ഉറപ്പാക്കും. സയന്‍സ് സെന്ററിലെത്തുന്നവര്‍ക്ക് മതിയായ പശ്ചാത്തല സൗകര്യങ്ങളെല്ലാം ഉറപ്പാക്കിയ ശേഷം തുറന്നു നല്‍കുകയാണ് ലക്ഷ്യം.
വര്‍ഷങ്ങളായി നിലച്ചു കിടക്കുന്ന സബ്‌സ്റ്റേഷന്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഗവേഷണ സൗകര്യങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ഉറപ്പാക്കും. ഇതിനുള്ള ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ പൂര്‍ത്തിയാക്കി.
40,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടസമുച്ചയത്തിലാണ് സയന്‍സ് സെന്റര്‍. വിവിധ ശാസ്ത്ര തത്വങ്ങളെ കളികളിലൂടെയും ഉല്ലാസത്തിലൂടെയും അറിയുന്നതിനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഫണ്‍ സയന്‍സ്, മറൈന്‍ ലൈഫ് ആന്‍ഡ് സയന്‍സ്, എമേര്‍ജിങ് ടെക്‌നോളജി, ത്രിഡി തീയേറ്റര്‍ എന്നിവ സയന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതോടെ പ്രവര്‍ത്തനമാരംഭിക്കും.
സയന്‍സ് സിറ്റിയിലേക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള കൂറ്റന്‍ ജലസംഭരണിയുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതാണ് ഈ ജലസംഭരണി. സംഭരണിയുടെ മുകളില്‍ പരിസരമാകെ വീക്ഷിക്കുന്നതിനുള്ള ഒബ്സര്‍വേറ്ററി ഉണ്ടാകും. ജലസംഭരണിയുടെ താഴ്ഭാഗത്ത് വൃത്താകൃതിയില്‍ തയ്യാറാകുന്നത് ഭക്ഷണശാലയാണ്. 50 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ടാകും.
