നികുതി വർദ്ധനയും നാണയപ്പെരുപ്പവും; പാക് സർക്കാരിനെതിരെ തെരുവിൽ ഇറങ്ങി പാക് അധീന കശ്മീരിലെ ജനങ്ങൾ

ഇസ്ലാമാബാദ് : പാക് ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പാക് അധീന കശ്മീർ ജനത. ദദ്യാൽ, മിർപൂർ, എന്നിവിടങ്ങളിലായിരുന്നു സർക്കാരിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പലയിടങ്ങളിലും പ്രതിഷേധം സംഘർഷങ്ങളിലേക്ക് വഴിമാറി.

നികുതി വർദ്ധന, ഉയർന്ന നാണയപ്പെരുപ്പം, വൈദ്യുതി ഇല്ലായ്മ തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം. ജനങ്ങൾ മുദ്രാവാക്യങ്ങളുമായി തെരുവിൽ ഇറങ്ങിയതോടെ ഇവരെ നേരിടാൻ ലോ എൻഫോഴ്‌സ്‌മെന്റും എത്തി. ഇതോടെയാണ് പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിയുതിർക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ദദ്യാലിനും മിർപൂരിനും പുറമേ സമഹ്നി, സെഹാൻസ, റാവലക്കോഠ്, ഖുയിരാഠ, ടട്ടപ്പാനി, ഹാട്ടിയാൻ ബാല എന്നിവിടങ്ങളിലും പ്രതിഷേധം ഉണ്ടായി.

മാംഗ്ല അണക്കെട്ടിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി നികുതി രഹിതമായി ജനങ്ങൾക്ക് നൽകണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗോതമ്പ് പൊടി സബ്‌സിഡി നിരക്കിൽ നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

അതേസമയം ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രതിഷേധക്കാരെ അടിച്ചമർത്താനാണ് പാകിസ്താൻ ഭരണകൂടത്തിന്റെ ശ്രമം. പ്രതിഷേധക്കാരെ നേരിടാൻ കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!