ലക്നൗ : തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയാകുന്നതോടെ കഴിഞ്ഞകാലങ്ങളിലെ ഓരോ സംഭവങ്ങളും തപ്പിയെടുത്ത് എതിരാളികള്‍ മുന്നില്‍വെച്ചുതരും.
വോട്ടെടുപ്പിന് അഞ്ച് ദിവസംമാത്രം ബാക്കിനില്‍ക്കെ എതിരാളികള്‍ പൊക്കികൊണ്ടുവന്ന തന്റെ പഴയ കാല ചിത്രങ്ങള്‍ക്ക് വിശദീകരണം നല്‍കുന്ന തിരക്കിലാണ് യുപിയിലെ ബദൗണ്‍ സീറ്റിലെ എസ്പി സ്ഥാനാർഥി. സമാജ് വാദി പാർട്ടിയിലെ പ്രധാനിയായ ശിവ്പാല്‍ യാദവിന്റെ മകൻ ആദിത്യ യാദവാണ് ബദൗണിലെ എസ്പി സ്ഥാനാർഥി.
വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആദിത്യ യാദവ് സ്ത്രീകള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ഉല്ലസിക്കുന്ന ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന ചിത്രങ്ങള്‍ ആദിത്യ യാദവ് നിഷേധിച്ചിട്ടില്ല. ചിത്രങ്ങള്‍ 2012-ല്‍ തന്റെ കോളേജ് കാലത്തേതാണെന്നാണ് അദ്ദേഹം വാർത്താസമ്മേളനം നടത്തി അറിയിച്ചിരിക്കുന്നത്.

അവരിലെ ചില വ്യക്തികള്‍ എന്റെ സുഹൃത്തുക്കളും സഹോദരിമാരുമാണെന്നും ആദിത്യ യാദവ് പറഞ്ഞു. ഈ ചിത്രങ്ങളടക്കം ഉപയോഗിച്ച് എഐ ഉപയോഗിച്ച് തനിക്കെതിരെ വ്യാജവീഡിയോകള്‍ നിർമിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്കപ്പെട്ടു. ബദൗണിലെ ജനങ്ങള്‍ ആദിത്യയെ തിരിച്ചറിഞ്ഞെന്ന അടിക്കുറിപ്പോടെ ബിജെപി സാമൂഹിക മാധ്യമ കണ്‍വീനർ മഹേന്ദ്ര വിക്രം അടക്കമുള്ളവർ ചിത്രങ്ങള്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
ബിജെപിയുടെ സിറ്റിങ് സീറ്റായ ബദൗണില്‍ ഇത്തവണ ത്രികോണ മത്സരമാണ് നടക്കുന്നത്. ദുർഗ് വിജയ് സിങാണ് ബിജെപി സ്ഥാനാർഥി. മുസ്ലിം ഖാനാണ് ബിഎസ്പിക്കായി മത്സരിക്കുന്നത്. എസ്പിയുടെ ശക്തികേന്ദ്രമായിരുന്ന മണ്ഡലം 2019-ല്‍ ബിജെപി 18454 വോട്ടുകള്‍ക്കാണ് പിടിച്ചെടുത്തത്.