വിഷു ചന്ത നടത്താം;  രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് വിഷു വിപണന മേളകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ഫെഡിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കി. സബ്‌സിഡി അടക്കമുള്ള സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനുള്ള വിലക്ക് തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ തുടരും.

വിപണന മേളകളെ സര്‍ക്കാര്‍ യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഉപയോഗിക്കരുതെന്ന നിര്‍ദേശത്തോടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവിട്ടത്.

ചന്തകളുടെ നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

5 കോടി രൂപ സര്‍ക്കാര്‍ സബ്‌സിഡിയോടെ റംസാന്‍- വിഷു ചന്തകള്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം ആകുമെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയതിനെതിരെ ആണ് കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപിച്ചത്. 13 ഭക്ഷ്യസാധനങ്ങള്‍ റംസാന്‍- വിഷു വിപണന മേളകളിലൂടെ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതാണു പദ്ധതി.

ഈ ഭക്ഷ്യവസ്തുക്കള്‍ ഇതിനകം തന്നെ വാങ്ങിച്ചു കഴിഞ്ഞതായും കണ്‍സ്യൂമര്‍ഫെഡ് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഉപാധികളോടെ ചന്ത നടത്താന്‍ കോടതി അനുമതി നല്‍കിയത്. മാത്രമല്ല, മധ്യവര്‍ഗത്തിന്റെയും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയും ജീവിതാവസ്ഥ ബുദ്ധിമുട്ടു നേരിടുന്നു എന്നതും അതുകൊണ്ട് ഇത്തരമൊരു സഹായം ജനങ്ങള്‍ക്കു കിട്ടുന്നതിനെ തടയുന്നില്ലെന്നും കോടതി വ്യക്തമാക്കി. കൊടുംചൂടാണ്. ജനങ്ങളുടെ കൈയില്‍ പണമില്ല. ക്ഷേമ പെന്‍ഷനുകളും ഭാഗികമായേ നല്‍കിയിട്ടുള്ളൂ. ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണ് എന്നും കോടതി പറഞ്ഞു.

റംസാന്‍-വിഷു ചന്ത ആരംഭിക്കുന്നതു സംബന്ധിച്ച് മാര്‍ച്ച് ആറിന് സഹകരണ റജിസ്ട്രാര്‍ സര്‍ക്കാരിനു പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ അഞ്ചിനു മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒരു മാസത്തോളം വൈകിയത് എന്ന് കോടതി ആരാഞ്ഞിരുന്നു.

ജനങ്ങള്‍ക്ക് ഉപകാരം കിട്ടണം, അതുപോലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ആകാനും പാടില്ല. സര്‍ക്കാര്‍ കൊടുക്കുന്നു എന്നു കരുതി അതു സര്‍ക്കാരിന്റെയല്ല. അത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളുടെ തന്നെ പണമാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു സൗജന്യങ്ങള്‍ നല്‍കുന്നതു രാജ്യം മുഴുവനുള്ള കാര്യമാണ്. സുപ്രീംകോടതിപോലും ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.  അതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രൊപ്പഗണ്ട ആകരുത് ഇത്തരം പദ്ധതികള്‍ എന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നു. ഇക്കാര്യം വിധിന്യായത്തിലും കോടതി ആവര്‍ത്തിച്ചു.

എങ്ങനെയാണ് കമ്മീഷനെ കുറ്റം പറയുക എന്നും കോടതി ആരാഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോവുകയാണെന്നു രാജ്യത്തുള്ള ഓരോ മനുഷ്യര്‍ക്കും അറിയാമായിരുന്നു. ബജറ്റ് നിര്‍ദേശമാണെങ്കില്‍ കൂടി നേരത്തെ ഇതിന് അനുമതി നല്‍കാന്‍ എന്തായിരുന്നു തടസ്സമെന്നും കോടതി ചോദിച്ചു. അതുകൊണ്ടു ചന്ത ആരംഭിക്കാന്‍ തീരുമാനമെടുത്ത സമയമാണു തങ്ങളെ അലട്ടുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു

സംസ്ഥാനത്ത് സര്‍ക്കാര്‍ സബ്‌സിഡിയോടെ കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കാനിരുന്ന റംസാന്‍- വിഷു ചന്തകളാണു പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാകും എന്നു ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചത്. 8 മുതല്‍ 14 വരെ സംസ്ഥാനത്തുടനീളം 250 റമസാന്‍-വിഷു ചന്തകള്‍ ആരംഭിക്കാനായിരുന്നു തീരുമാനം. ഇതിനായി 5 കോടി രൂപ സര്‍ക്കാര്‍ സബ്‌സിഡിയും അനുവദിച്ചിരുന്നു. ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ, സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കും എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെയാണു കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!