കശ്മീരിലെ വിശുദ്ധവാര പ്രദക്ഷിണം ചര്‍ച്ചയാക്കി ക്രൈസ്തവ വിശ്വാസികള്‍; കേന്ദ്ര സർക്കാറിന്റെ നടപടികൾ തുറന്നുകാട്ടി കാസ


ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞതോടെ ഇതാദ്യമായി ക്രൈസ്തവര്‍ കശ്മീരിന്റെ മണ്ണില്‍ വിശുദ്ധവാര പ്രദക്ഷിണം നടത്തി. ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് അടച്ചു പൂട്ടേണ്ടി വന്ന ക്രിസ്ത്യന്‍ പള്ളികളിൽ കേന്ദ്രസർക്കാർ തന്നെ പുനർനിർമിച്ച് വിശ്വാസികൾക്ക് കൈമാറുകയായിരുന്നു. ഇതോടെയാണ് ഭീഷണികളും കല്ലേറുമില്ലാതെ വിശ്വാസികൾ വിശുദ്ധ വാരം പ്രദക്ഷിണ ചടങ്ങുകൾ നടത്തിയത്.

കശ്മീരില്‍ നടന്ന വിശുദ്ധവാരം സംബന്ധിച്ച് കാസയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആര്‍ട്ടിക്കിള്‍ 370 മടക്കി കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ കണ്ണ് തുറന്ന് കാണുക എന്ന കുറിപ്പോടെയാണ് കാസ കശ്മീല്‍ നടന്ന വിശുദ്ധവാര പ്രദക്ഷിണത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ ഹമാസ് അനുകൂലികൾക്ക് വിടുപണി ചെയ്യുന്നവർ കൺതുറന്ന് കാണുക…ഇത് ജമ്മുകാശ്മീരിലെ തെരുവുകളിൽ നടന്ന വിശുദ്ധവാര പ്രദക്ഷിണം ‘ -കാസ ചൂണ്ടിക്കാട്ടുന്നു.

ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് അടച്ചു പൂട്ടേണ്ടി വന്ന ക്രിസ്ത്യന്‍ പള്ളികള്‍! അതിര്‍ത്തി കടന്നുവന്ന ഭീകരവാദികളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ കോണ്‍വെന്റുകള്‍, കഴുത്തില്‍ കിടക്കുന്ന കൊന്ത പോലും പുറത്തു കാട്ടുവാന്‍ ഭയപ്പെട്ടിരുന്ന വിശ്വാസികൾ. ഇതെല്ലാം കോൺഗ്രസ് സർക്കാരുകളുടെ കാലത്തായിരുന്നു. ഇന്നതെല്ലാം മാറിയിരിക്കുന്നു. പള്ളികൾ കേന്ദ്ര സർക്കാർ തന്നെ പുനർനിർമ്മിച്ച് കൈമാറിയിരിക്കുന്നു, കോൺവൻ്റുകൾ പ്രവർത്തനക്ഷമമായിരിക്കുന്നു. വിശ്വാസികൾ ഇതാ നിർഭയമായി ദു:ഖ വെള്ളിയാഴ്ച പീഢാനുഭവ സ്മരണയിൽ കുരിശിന്റെ വഴികൾ നടത്തുന്നു…പഴയ അവസ്ഥയെല്ലാം ഇന്ന് മാറിയിരിക്കുന്നുവെന്ന് കാസ വ്യക്തമാക്കുന്നു.

‘എല്ലാ മതങ്ങള്‍ക്കും നിര്‍ഭയമായി പ്രവര്‍ത്തിക്കാവുന്ന ഭൂമിയിലെ സ്വര്‍ഗമായി മാറിയിരിക്കുന്ന കശ്മീരിനെ വീണ്ടും പഴയ അവസ്ഥയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് വിടുവേല ചെയ്യുന്നവര്‍ ഇതൊക്കെയൊന്ന് കണ്‍തുറന്ന് കാണുന്നത് നല്ലതായിരിക്കും’ എന്നാണ് കാസ ഫെയ്സ്ബുക്കിലൂടെ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!