അര ലക്ഷത്തിലേറെപ്പേർ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കേരളത്തിൽ കഴിയുന്നു; മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ടിൽ ഉള്ളത് ഗുരുതരമായ കണ്ടെത്തൽ

ന്യൂഡൽഹി : കേരളത്തില്‍ അരലക്ഷത്തിലേറെ അഭയാർഥികള്‍ വ്യാജ ആധാർ കാർഡുമായി കഴിയുന്നുണ്ടെന്ന് മിലിറ്ററി ഇന്റലിജൻസ്.

ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളില്‍നിന്നുള്ള അഭയാർത്ഥികളാണ് വ്യാജ തിരിച്ചറിയല്‍ രേഖകളുമായി കേരളത്തില്‍ ജീവിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഈ വ്യാജ ആധാർ ഉപയോഗിച്ച്‌ ഇന്ത്യക്കാരായ കുറ്റവാളികളും ഇത്തരം വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അസമിലെ മധുപുർ, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുർ, കേരളത്തിലെ പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആധാർ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി വ്യാജ ആധാർ കാർഡ് നിർമിച്ചതായാണു കണ്ടെത്തല്‍.

പെരുമ്പാവൂരിലെ ഭായ് മാർക്കറ്റുകളുടെ ഉള്ളില്‍ ബോർഡ് ഇല്ലാതെ പ്രവർത്തിക്കുന്ന വ്യാജ ആധാർ കേന്ദ്രങ്ങളില്‍ ഒരേ ചിത്രം ഉപയോഗിച്ചു വിവിധ പേരുകളിലും വിലാസങ്ങളിലും ആധാർ കാർഡുകള്‍ നിർമിച്ചു നല്‍കുന്നുണ്ടെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫെബ്രുവരിയില്‍ മലപ്പുറം തൃപ്രങ്ങോട് അക്ഷയ കേന്ദ്രത്തിലെ ഓണ്‍ലൈൻ ആധാർ സംവിധാനത്തില്‍ നുഴഞ്ഞുകയറി 50 ആധാർ ഐഡികള്‍ വ്യാജമായി നിർമിച്ചതായി കേന്ദ്ര ഏജൻസി റിപ്പോർട്ട് ചെയ്തു. ബംഗാള്‍, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഇന്റർനെറ്റ് പ്രോട്ടോകോള്‍ (ഐപി) വിലാസങ്ങളില്‍ നിന്നാണു നുഴഞ്ഞുകയറ്റം നടത്തിയത്. കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് കഴി‍ഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്ത പല ആധാർ കാർഡുകളും വ്യാജമായി നിർമിച്ചതാണ്.

മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളില്‍ അതിർത്തി രക്ഷാസേനയുടെ (ബിഎസ്‌എഫ്) നിരീക്ഷണം ശക്തമാക്കി. കേരളം അടക്കമുള്ള കടല്‍ത്തീര സംസ്ഥാനങ്ങളില്‍ കോസ്റ്റ് ഗാർഡും നിരീക്ഷണം വ്യാപിപ്പിച്ചു.

വ്യാജ ആധാർ ഉപയോഗിച്ചു കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം നടക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഒരു വർഷം മുൻപു സൂചന നല്‍കിയിരുന്നു.

വ്യാജ ആധാർ കാർഡ് നിർമിക്കുന്നതും തിരിച്ചറിയല്‍ രേഖയായി ദുരുപയോഗിക്കുന്നതും ആധാർ ആക്‌ട് (2016) പ്രകാരം 3 വർഷം വരെ തടവും 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!