കോട്ടയം: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടു(പിഎഫ്‌ഐ)മായി പൊക്കിള്‍ക്കൊടി ബന്ധമുള്ള എസ്ഡിപിഐ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിലൂടെ ഇവര്‍ തമ്മില്‍ തുടര്‍ന്നു വന്നിരുന്ന രാഷ്ട്രീയബാന്ധവമാണ് പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി. കെ കൃഷ്ണദാസ് പ്രസ്താവിച്ചു.
സംസ്ഥാനത്ത് മതതീവ്ര സംഘടനകളുമായി ഇടത്-വലത് മുന്നണികള്‍ സഖ്യത്തിലാ ണെന്ന ബിജെപിയുടെ ആരോപണം സത്യസന്ധമായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് എസ്ഡിപിഐ നേതൃത്വം പത്രസമ്മേളനത്തിലൂടെ വെളിപ്പടുത്തിയിരിക്കുന്നത്. യുഡിഎഫിന് പരസ്യ പിന്തുണ നല്‍കുന്നതിനൊപ്പം കോഴിക്കോട് ഉള്‍പ്പടെ നിരവധി മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഇവര്‍ പിന്തുണ നല്‍കുന്നുണ്ട്.
അവരുടെ പ്രവര്‍ത്തനങ്ങളും, നീക്കങ്ങളും നിരോധിക്കപ്പെട്ട പിഎഫ്‌ഐക്ക് സമാനമാണ്. രാഷ്ട്രീയ പാര്‍ട്ടിയെന്ന സാങ്കേതികത്വത്തിലൂടെയാണ് എസ്ഡിപിഐ പ്രവര്‍ത്തിച്ചുവരുന്നത്. ഇക്കൂട്ടരുടെ പിന്തുണ നേടിയെടുക്കാന്‍ കോണ്‍ഗ്രസ്സും, സിപിഎമ്മും മത്സരിക്കുകയാണ്. തീവ്രമുസ്ലിം സംഘടനകളുടെ പിന്തുണയാര്‍ജ്ജി ക്കുവാന്‍ സിഎഎയുടെ പേരില്‍ മുഖ്യമന്ത്രി നടത്തുന്ന അസത്യ പ്രസ്താവനകള്‍ നാട്ടില്‍ മതവിദ്വേഷം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള നീക്കങ്ങളുടെ ഭാഗമാണ്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളാകും സംസ്ഥാനത്ത് സംജാതമാക്കുക.
തെരഞ്ഞടുപ്പില്‍ വോട്ടുകള്‍ തരപ്പെടുത്തിയെടുക്കുകയെന്ന ലക്ഷ്യത്തില്‍ ഇടത്-വലത് മുന്നണികള്‍ നടത്തുന്ന ആപല്‍ക്കരമായ നീക്കങ്ങളെ ജനങ്ങള്‍ കരുതലോടെ കാണണം. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന് മാത്രമേ ഇത്തരം കൂട്ടുകെട്ടുകള്‍ ഉപകരിക്കുകയുള്ളുവെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
