തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം നേതാവിന് നോട്ടീസ് അയച്ച് ഇഡി. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിനാണ് നോട്ടീസ് നൽകിയത്. ബുധനാഴ്ച ഹാജരാകാൻ ആണ് നിർദ്ദേശം.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിലവിൽ രണ്ടാംഘട്ട അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ജില്ലാ സെക്രട്ടറിയ്ക്ക് നോട്ടീസ് നൽകിയത്. നേരത്തെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ജില്ലാ സെക്രട്ടറിയ്ക്ക് നോട്ടീസ് നൽകി വിളിപ്പിച്ചിരിക്കുന്നത്.
കരുവന്നൂർ ബാങ്കിൽ സിപിഎം നേതാക്കൾ കൈകാര്യം ചെയ്യുന്ന അഞ്ച് അക്കൗണ്ടുകൾ ഉണ്ടെന്നും, ഇതിലൂടെ നിരവധി പണമിടപാട് നടത്തിയിട്ടുണ്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. കവൈസി ഉൾപ്പെടെ നൽകാതെയാണ് ഈ അക്കൗണ്ട് തുറന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നോട്ടീസ്.
കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാമത്തെ നോട്ടീസ് ആണ് എംഎം വർഗ്ഗീസിന് ലഭിക്കുന്നത്. നേരത്തെ നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിൽ വർഗ്ഗീസ് ഇഡി ഓഫീസിൽ എത്തി മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് ലഭിക്കുന്നത്.