പാലാ : മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞ കേസില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച പ്രതിയെ ഷാര്‍ജയില്‍ നിന്നും ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടില്‍ യാഹ്യാ ഖാന്‍ (43) ആണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ 2008ല്‍ പാലായില്‍ വച്ച് മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വീടുകള്‍ തോറും പാത്ര കച്ചവടവുമായി നടന്നിരുന്ന ഇയാള്‍ പാലായിലെ ഒരു വീട്ടില്‍ കച്ചവടത്തിനായി എത്തുകയും, വീട്ടില്‍ തനിച്ചായിരുന്ന മാനസിക വൈകല്യം ഉണ്ടായിരുന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.
തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒളിവില്‍ പോയി. ഇയാളെ പിടികൂടുന്നതിനുവേണ്ടി എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലില്‍ കണ്ണൂര്‍, മലപ്പുറം എന്നീ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിനുശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തി.
തുടര്‍ന്ന് യാഹ്യാ ഖാനെ വിദേശത്തുനിന്നും പിടികൂടുന്നതിനുവേണ്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍പോള്‍ 2024 ജനുവരിയില്‍ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇയാളെ ഷാര്‍ജയില്‍ നിന്നും ഇന്റര്‍പോളിന്റെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു.
യാഹ്യാ ഖാനെ ഇന്നലെ കൊച്ചിയില്‍ എത്തിച്ചു. പാലാ ഡിവൈഎസ്പി സദന്‍ കെ, പാലാ സ്റ്റേഷന്‍ എസ്‌ഐ ബിനു വി.എല്‍, എസ്‌ഐ ബിജു കുമാര്‍ (ഇന്റര്‍ പോള്‍ ലെയ്‌സണ്‍ ഓഫീസര്‍) എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
പീഡനക്കേസിലെ പ്രതിയെ ഇന്റർപോളിന്റെ സഹായത്താൽ ഷാര്‍ജയില്‍ നിന്ന് പിടികൂടി
