പ്രമുഖ മലയാളി നടിയുടെ പണം തട്ടിച്ച് മുങ്ങി; തട്ടിപ്പുവീരനെ കൊൽക്കത്തയിലെത്തി പൊക്കി കേരള പോലീസ്

കൊച്ചി : പ്രമുഖ മലയാളി നടിയുടെ പണം തട്ടിയെടുത്ത് മുങ്ങിയ കൊൽക്കത്ത സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. യാസർ ഇഖ്ബാൽ എന്നയാളെയാണ് കൊച്ചി പോലീസ് കൊൽക്കത്തയിൽ നിന്ന് അതിസാഹസികമായി പിടികൂടിയത്. 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയുടെ കൈയിൽ നിന്നു 37 ലക്ഷം രൂപയാണ് പ്രതി കൈക്കലാക്കിയത്.

130 കോടിയുടെ വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചത്. ഇതിനായി 37 ലക്ഷം രൂപ നടി തട്ടിപ്പ് സംഘത്തിന് നൽകി. കൊച്ചിയിലെ ഹോട്ടലിൽ വെച്ചാണ് ഇടപാടുകൾ നടന്ന്. എന്നാൽ പിന്നീട് വായ്പ ലഭ്യമാകാതെ വന്നതോടെ നടി പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കൊക്കത്തയിലാണെന്ന് കണ്ടെത്തിയ പോലീസ് അവിടേക്ക് തിരിച്ചു.

കൊൽക്കത്ത നഗരത്തിലെ ടാഗ്രാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫ്‌ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് അതിസാഹസികമായി പിടികൂടി. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പോലീസിലെ പ്രത്യേകാന്വേഷണ സംഘം തട്ടിപ്പു സംഘത്തിലെ മറ്റൊരാളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ്.

കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ ഐപിഎസ്, ഡിഎസ്പി കെ.എസ്.സുദർശൻ ഐപിഎസ് എന്നിവരുടെ നിർദേശപ്രകാരം എറണാകുളം അസി. കമ്മിഷണർ രാജകുമാറിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സബ് ഇൻസ്‌പെക്ടർമാരായ ആൽബി എസ്.പുത്തുക്കാട്ടിൽ, അജിനാഥ പിള്ള, സീനിയർ സിപിഒമാരായ അനീഷ്, പ്രശാന്ത്, ജിതിൻ ബാലകൃഷ്ണൻ എന്നിവരടങ്ങിയ പ്രത്യേക ദൗത്യസംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!