കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബാംഗങ്ങൾക്കുനേരേ കഴിഞ്ഞ ദിവസങ്ങളിൽ സൈബർ അറ്റാക്ക് നടന്നിരുന്നു. ലോറിയുടമ മനാഫ് കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു എന്നാരോപിച്ച് കുടുംബം പരാതി നൽകിയതിനെ തുടർന്നായിരുന്നു ഇത്.
ഇതിനെ തുടർന്ന് കുടുംബത്തിന് നേരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉണ്ടായ സൈബർ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സമൂഹ മാദ്ധ്യമങ്ങളിൽ കൂടെ ആക്രമണം നേരിടുന്നു എന്ന് കാണിച്ച് അർജുന്റെ സഹോദരിയാണ് പരാതി നൽകിയത്.
മതവൈരം വളർത്തുന്നരീതിയിൽ പ്രചാരണങ്ങൾ നടത്തിയ ആറ് യുട്യൂബർമാർക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ് ചാനലിൽ കമന്റിട്ട ഒട്ടേറെപ്പേർക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് ലഭ്യമായ വിവരം.
പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ വിവരങ്ങൾ ഔദ്യോഗികമായി ലഭിക്കാൻ ഗൂഗിൾ കമ്പനിയോട് കോഴിക്കോട് സൈബർ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ-മെയിൽ വിലാസം, ഫോൺനമ്പറുകൾ, ഐ.പി. വിലാസങ്ങൾ തുടങ്ങിയ വിവരങ്ങളെല്ലാം ഗൂഗിളിൽനിന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഇത് ലഭ്യമായാലുടൻ ഇവർക്കെതിരെ നടപടികളുമായി പോലീസ് മുന്നോട്ട് പോകും