തിരുവനന്തപുരം: സംസ്ഥാന വനിതാ രത്ന പുരസ്‌കാരങ്ങൾ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, വിജി പെൺകൂട്ട്, അന്നപൂർണി സുബ്രഹ്‌മണ്യം എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
സ്ത്രീ ശാക്തീകരണ രംഗത്ത് 25 വർഷങ്ങളുടെ അധ്യായം എഴുതിച്ചേർത്ത് സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം കൈവരിക്കുവാൻ വഴിവച്ച കുടുംബശ്രീക്ക് വനിത ശിശു വികസന വകുപ്പിന്റെ സ്ത്രീ ശാക്തീകരണ രംഗത്തെ പ്രത്യേക പുരസ്‌കാരം നൽകും.
അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്ന പുരസ്‌കാര വിതരണവും മാർച്ച് 7 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവർ വിശിഷ്ടാതിഥികളാകും.
