പാമ്പാടി : പാമ്പാടിയുടെ വികസനരംഗത്തിനും സാമൂഹിക സൗഹാർദ്ദത്തിനും വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ഡോ.സി.കെ.ഹരീന്ദ്രൻനായരെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
റെഡ്ക്രോസ് സോസൈറ്റി കോട്ടയം താലൂക്ക് ബ്രാഞ്ച് പാമ്പാടിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുകയും എല്ലാ രാഷ്ട്രീയനേതൃത്വങ്ങളുമായും ഉറ്റബന്ധം പുലർത്തിക്കൊണ്ട് നാടിന്റെ വികസനത്തിന് സാധ്യമായ പരിശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതായിരുന്നു ഡോ.ഹരീന്ദ്രൻനായരുടെ ശൈലി. പാമ്പാടിയിൽ അദ്ദേഹം ബന്ധപ്പെടാത്ത ഒരു സാമൂഹിക സംഘടനയും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
പാമ്പാടിയുടെ സാംസ്കാരിക–സാമൂഹിക രംഗങ്ങളിൽ വിളക്കുമരമായിരുന്നു ഡോ: ഹരീന്ദ്രൻനായരെന്ന് മുഖ്യപ്രഭാഷണം നടത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.
ഡോ.ഹരീന്ദ്രൻനായർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കോട്ടയം ജില്ലയിലെ മികച്ച ഡോക്ടർക്കുള്ള ആയുർരത്ന പുരസ്കാരം മുൻ ഡിഎംഒ.ഡോ.രതി ബി.ഉണ്ണിത്താന് മന്ത്രി വാസവൻ സമ്മാനിച്ചു.
നിർധനർക്കുള്ള ഡയാലിസിസ് കിറ്റുകളുടെ വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
റെഡ്ക്രോസ് സോസൈറ്റി പ്രസിഡന്റ് ഒ.സി.ചാക്കോ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. ജി.രാമൻ നായർ, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ.രാജൻ, ഗ്രാമ പഞ്ചായത്ത് അംഗം ഷെർലി തര്യൻ, ട്രസ്റ്റ് ചെയർമാൻ സി.എച്ച്.അജിത് കുമാർ, മാത്യു സി.വർഗീസ്, കെ.ഗോപകുമാർ, എം.കെ.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.