പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ വിമതരെ വെട്ടി നിരത്തി നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്). വിമത സ്വരം ഉയര്‍ത്തിയ 16 നേതാക്കളെ ജെഡിയു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നടപടി നേരിട്ട നേതാക്കളില്‍ ഒരു സിറ്റിങ് എംഎല്‍എയും രണ്ട് മുന്‍ എംഎല്‍എമാരും ഉള്‍പ്പെടുന്നതായാണ് വിവരം.
എന്‍ഡിഎ മുന്നണിയിലെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നേതാക്കൾ മത്സരത്തിന് മുതര്‍ന്നതോടെയാണ് ജെഡിയു കടുത്ത നടപടിയിലേക്ക് തിരിഞ്ഞത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം, പ്രത്യയശാസ്ത്ര ലംഘനം തുടങ്ങിയ ആക്ഷേപങ്ങള്‍ ഉന്നയിച്ചാണ് നടപടി. ഗോപാല്‍പൂര്‍ എംഎല്‍എ നരേന്ദ്ര നീരജ് എന്ന ഗോപാല്‍ മണ്ഡല്‍, മുന്‍ എംഎല്‍സി സഞ്ജീവ് ശ്യാം സിങ്, മുന്‍ മന്ത്രി ഹേംരാജ് സിങ് എന്നിവരാണ് നടപടി നേരിട്ടവരില്‍ പ്രമുഖര്‍.
പാര്‍ട്ടി നടപടിക്ക് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നാടകീയ രംഗങ്ങളും ബിഹാറില്‍ അരങ്ങേറിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ധര്‍ണ നടത്തിയായിരുന്നു ഗോപാല്‍ മണ്ഡല്‍ പ്രതികരിച്ചത്. മുന്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവായ ബുലോ മണ്ഡലിനെ ഗോപാല്‍പൂര്‍ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കമാണ് ഗോപാല്‍ മണ്ഡലിനെ പാര്‍ട്ടിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ഗോപാല്‍പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഗോപാല്‍ മണ്ഡല്‍ പത്രിക സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തെ ഇതുവരെ ഗോപാല്‍ മണ്ഡല്‍ തള്ളിപ്പറഞ്ഞിട്ടില്ല.
ജെഡിയു മുന്‍ എംല്‍എസി സഞ്ജീവ് ശ്യാം സിങ് ഗയ ജില്ലയിലെ ഗുരുവ നിയമസഭാ സീറ്റില്‍ നിന്ന് ജന്‍ സുരാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സീമാഞ്ചല്‍ മേഖലയിലെ കതിഹാറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മുന്‍ മന്ത്രി ഹേംരാജ് സിങ് ജനവിധി നേടുന്നത്. മഹേശ്വര്‍ പ്രസാദ് യാദവ്, പ്രഭാത് കിരണ്‍ എന്നിവരാണ് നടപടി നേരിട്ട മറ്റ് രണ്ട് എംഎല്‍എമാര്‍. മുസാഫര്‍പൂര്‍ ജില്ലയിലെ ഗൈഘട്ട് സീറ്റില്‍ നിന്ന് മത്സരിക്കുന്ന കോമള്‍ സിങ്ങിനെതിരെ പരസ്യ പ്രതികരണമാണ് മഹേശ്വര്‍ പ്രസാദ് യാദവിനെതിരായ നടപടിക്ക് കാരണമായത്.
നേരത്തെ, മുന്‍ മന്ത്രി ശൈലേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും ജെഡിയു പുറത്താക്കിയിരുന്നു. മുന്‍ എംഎല്‍സി സഞ്ജയ് സിങ്, മുന്‍ എംഎല്‍സി ശ്യാം ബഹാദൂര്‍ സിങ്, മുന്‍ എംഎല്‍സി രണ്‍വിജയ് സിങ്, മുന്‍ എംഎല്‍സി സുദര്‍ശന്‍ കുമാര്‍, അഷ്മ പര്‍വീണ്‍, അമര്‍ കുമാര്‍ സിംഗ് ലവ് കുമാര്‍, ദിവ്യാന്‍ഷു ഭരദ്വാജ്, ആശ സുമന്‍, വിവേക് ശുക്ല എന്നിവരാണ് നടപടി നേരിട്ട മറ്റുള്ളവര്‍.
