ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം; ‘മോക്ക് പാർലമെന്റിന്’ പകരം ‘ജൻ മഹാഭിയോഗ്’

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ പേര് മാറ്റി.

നേരത്തെ ‘മോക്ക് പാർലമെന്റ്’ എന്ന പേരിൽ ആസൂത്രണം ചെയ്തിരുന്ന പരിപാടി ഇനി ‘ജൻ മഹാഭിയോഗ്’ (ജനകീയ കുറ്റവിചാരണ) എന്ന പേരിലാകും നടക്കുക. പാർലമെന്റിന്റെ നടപടിക്രമങ്ങളെ പരിഹസിക്കുന്ന രീതിയിലുള്ള പരിപാടിയെന്ന വിമർശനം ഒഴിവാക്കാനാണ് പേരിലും രൂപത്തിലും മാറ്റം വരുത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകിട്ട് 7.30 വരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് പരിപാടി. തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണമായിരിക്കും പ്രധാന ചർച്ചാവിഷയം.സർക്കാർപക്ഷവും പ്രതിപക്ഷവും തമ്മിൽ പാർലമെന്ററി മാതൃകയിൽ സംവാദം നടത്തുന്ന രീതിയിലായിരുന്നു ആദ്യം പരിപാടി ആസൂത്രണം ചെയ്തിരുന്നത്.

എന്നാൽ ഇന്ത്യാ മുന്നണി നേതാക്കളുടെ യോഗത്തിൽ ഈ രീതിയിൽ മാറ്റം വരുത്താൻ തീരുമാനിക്കുകയായിരുന്നു. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറിനാണ് ജനകീയ കുറ്റവിചാരണയുടെ നടപടിക്രമങ്ങളുടെ ചുമതല. സമാജ്‌വാദി പാർട്ടിയിൽനിന്നുള്ള ഒരു എം.പി ഇവരെ സഹായിക്കും.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വാദങ്ങൾക്ക് തുടക്കമിടും. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉപസംഹാര പ്രസംഗം നടത്തും.

19 രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ സംസാരിക്കും. ഓരോരുത്തർക്കും അഞ്ച് മിനിറ്റ് വീതമാണ് അനുവദിച്ചിരിക്കുന്നത്. സമാജ്‌വാദി പാർട്ടിക്കും തൃണമൂൽ കോൺഗ്രസിനും പത്ത് മിനിറ്റ് വീതം ലഭിക്കും. വോട്ടർ പട്ടികയിൽനിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടവർക്കും സിവിൽ സൊസൈറ്റിയിലെ മൂന്ന് അംഗങ്ങൾക്കും തങ്ങളുടെ നിലപാടുകൾ അവതരിപ്പിക്കാൻ അവസരമുണ്ടാകും. ആകെ മുപ്പതോളം പേർ സംസാരിക്കുമെന്നാണ് റിപ്പോർട്ട്.

മീരാ കുമാറിന് പുറമെ പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, ഡെറിക് ഒബ്രിയാൻ, മഹുവാ മാജി തുടങ്ങിയ നേതാക്കളും ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കോടിക്കണക്കിന് വോട്ടർമാരെ ബാധിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഈ നടപടിയിലൂടെ 13.5 കോടി വോട്ടർമാരെ ബാധിച്ചെന്നാണ് ഒരു കണക്ക് സൂചിപ്പിക്കുന്നതെന്നും എന്നാൽ തങ്ങളുടെ കണക്കനുസരിച്ച് ഇത് 16.5 കോടിയാണെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.

പരിപാടിയുടെ ദൃശ്യങ്ങൾ കോൺഗ്രസും മറ്റ് ഇന്ത്യാ മുന്നണി കക്ഷികളും യൂട്യൂബ് ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. ദേശീയഗാനത്തോ ടെയാകും പരിപാടി സമാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!