അഡീഷണല്‍ ജഡ്ജിയുടെ 17 വയസുകാരനായ മകന്‍ ഓടിച്ച ബെൻസ് കാർ സ്കൂട്ടറിലിടിച്ച് തട്ടുകട ഉടമയ്ക്ക് ദാരുണാന്ത്യം; സംഭവം കൊച്ചിയിൽ

കൊച്ചി: അഡീഷണല്‍ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചേരാനല്ലൂരിലാണ് അപകടം സംഭവിച്ചത്..

തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണൻ. അമിതവേഗതയിലെത്തിയ കാർ ജയപാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നിലേക്ക് ശക്തിയായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടർ പൂർണ്ണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.

അദ്ദേഹത്തിന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന സാധനസാമഗ്രികളും അരിയും റോഡില്‍ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ ചേരാനല്ലൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.

അപകട സമയത്ത് കനത്ത മഴയായിരുന്നെന്നും അതിനാല്‍ റോഡിലെ കാഴ്ച വ്യക്തമല്ലായിരുന്നു എന്നുമാണ് കസ്റ്റഡിയിലുള്ള പതിനേഴുകാരൻ പോലീസിന് നല്‍കിയ പ്രാഥമിക മൊഴി.

സംഭവത്തില്‍ ബിഎൻഎസ്സിലെ 281, 106 (1) (പൊതുവഴിയില്‍ ശ്രദ്ധയില്ലാതെയും അലക്ഷ്യമായും വാഹനമോടിച്ച്‌ മരണത്തിനിടയാക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിലെ ഗതാഗത നിയമം അനുസരിച്ച് 17കാരന് കാർ ഓടിക്കാൻ കൊടുത്തുവിട്ട പിതാവായ ജഡ്ജിക്കെതിരെയും കേസ് വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!