തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കി കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്നാട് തീരത്ത് നിലനിൽക്കുന്ന ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ ഈ മാസം 26 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.
നാളെ പത്ത് ജില്ലകളിലും മറ്റന്നാൾ 11 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് കടലിൽ പോകുന്നതിന് വിലക്കുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
*കോഴിക്കോട്ട് നിയന്ത്രണങ്ങൾ കടുപ്പിച്ചു
കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മഴയും വെള്ളക്കെട്ടും കാരണം അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി നൽകാൻ ജില്ലാ കളക്ടർ നിർദേശം നൽകി.
മഴ മാറുന്നതുവരെ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്. ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ, മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സ്, റവന്യൂ, വനം, പൊലീസ് വകുപ്പുകളുടെ മേധാവികൾക്ക് കളക്ടർ ജാഗ്രതാ നിർദേശം നൽകി.ജില്ലയിൽ രാത്രി വൈകിയും ശക്തമായ മഴ അനുഭവപ്പെട്ടു. നഗരമേഖലകളെ അപേക്ഷിച്ച് മലയോര പ്രദേശങ്ങളിലാണ് മഴ കൂടുതൽ ശക്തമായത്.
