കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) മറുപടി നൽകി പിണറായി വിജയൻ. നാളെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാകില്ലെന്നാണ് പിണറായി അറിയിച്ചിരിക്കുന്നത്.
സുപ്രീംകോടതി ഉത്തരവും നിയമസഭാ സമ്മേളനവും ചൂണ്ടിക്കാട്ടിയാണ് ഇ.ഡിക്ക് കത്ത് നൽകിയത്.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പതിച്ച നോട്ടീസിൽ 23ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകണമെന്നായിരുന്നു നിർദേശം.സേവനങ്ങൾ നൽകാതെ പിണറായി വിജയന്റെ മകൾ വീണ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി. നോട്ടീസ് നൽകിയത്.
അതേസമയം, പിണറായി വിജയനും മകൾ വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കേണ്ടതായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വിജിലൻസിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി, പ്രതികളുടെ ഭാഗം കേൾക്കാനും നിർദേശിച്ചു.
