ഷിമോഗ : ദസറ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. കർണാടകയിലെ ഷിമോഗയിലാണ് സംഭവം. 650 കിലോഗ്രാം ഭാരമുള്ള വെള്ളി അമ്പാരി വഹിച്ചിരുന്ന സോമണ്ണ എന്ന ആനയാണ് നിയന്ത്രണം വിട്ട് ഓടിയത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവെച്ച് ആനയെ തളച്ചു.
ആനയുടെ പുറത്തുനിന്ന് താഴെവീണ ചാവുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം സ്ഥാപിച്ചിരുന്ന അമ്പാരിക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ദസറ ആഘോഷങ്ങളുടെ ഭാഗമായ ജംബൂ സവാരി നടക്കുന്നതിനിടെയാണ് സംഭവം. വിരണ്ടോടിയ സോമണ്ണ വഴിയിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ തകർത്തു.
ആനയുടെ അപ്രതീക്ഷിതമായ ഓട്ടം കണ്ടതോടെ സ്ഥലത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി ചിതറിയോടി. പാപ്പാൻ ഉൾപ്പെടെ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അമ്പാരിയുടെ അമിതഭാരവും ഘോഷയാത്രയ്ക്കിടയിലെ ബഹളവുമാകാം ആനയെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
റോഡിലൂടെ മുന്നോട്ടേക്ക് കുതിച്ച ആനയെ നിയന്ത്രണത്തിലാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ നേരം പരിശ്രമിക്കേണ്ടിവന്നു. ഒടുവിൽ മയക്കുവെടി പ്രയോഗിച്ചാണ് ആനയെ തളച്ചത്. സംഭവത്തെ തുടർന്ന് ദസറ ജംബൂ സവാരി പകുതിവഴിയിൽവെച്ച് റദ്ദാക്കി.
നേരത്തേ ഘോഷയാത്രയ്ക്കായി നിശ്ചയിച്ചിരുന്നത് സാഗർ എന്ന ആനയെയായിരുന്നു. എന്നാൽ, സാഗറിന് കാലുവേദന അനുഭവപ്പെട്ടതോടെ അവസാന നിമിഷം സോമണ്ണയെ പകരം നിയോഗിക്കുകയായിരുന്നു. നിലവിൽ കോട്ടെ സീതാരാമാഞ്ജനേയ ക്ഷേത്രത്തിന് സമീപം വിശ്രമിക്കുന്ന സോമണ്ണയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഷിമോഗ പൊലീസ് സൂപ്രണ്ട്, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
