കോട്ടയം : ക്ഷേത്ര പൈതൃക വിജ്ഞാന സംരക്ഷണത്തിന് ഉദാത്ത മാതൃക സൃഷ്ടിച്ച കുമാരനല്ലൂർ ദേവീക്ഷേത്രത്തിന് കേരള ക്ഷേത്ര സമന്വയ സമിതിയുടെ ക്ഷേത്രശ്രീ പുരസ്കാരം സംസ്ഥാന വൈസ് പ്രസിഡൻ്റ് എം. കേ ശശിയപ്പൻ, ജില്ല പ്രസിഡൻ്റ് അഡ്വ.ജി.ശ്രീകുമാർ, സെക്രട്ടറി മായാ കൃഷ്ണൻ, രാജേന്ദ്രൻ അമനകര, എം.എസ്.സാബു, സാജൻകുമാർ.കെ.കെ, സി.കെ.സദാശിവൻ നായർ, എന്നിവർ ചേർന്ന് സമർപ്പിച്ചു.
ഭാരതീയ വൈജ്ഞാനിക ശാസ്ത്ര ഗവേഷണ പഠന കേന്ദ്ര പ്രവർത്തനങ്ങൾ, കര വഞ്ചി, ക്ഷേത്ര താള വാദ്യം, ബ്രാഹ്മണിപ്പാട്ടു തുടങ്ങിയ തനത് പൗരാണിക കലാരൂപങ്ങളുടെയും ചുവർ ചിത്രങ്ങളുടെയും സംരക്ഷണം എന്നിവയെ പരിഗണിച്ചാണ് പുരസ്കാരം.
ദേവസ്വം ഹാളിൽ ചേർന്ന ചടങ്ങിൽ ക്ഷേത്രം ഊരാണ്മ മാനേജർ കെ.എ.മുരളി കാഞ്ഞിരക്കാട്ടില്ലം, സെക്രട്ടറി സി.എസ്.ഉണ്ണി, അഡ്വ. അനിൽ നമ്പൂതിരി, ഇ.എസ്.ശങ്കരൻ നമ്പൂതിരി എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.