പ്യോങ്യാങ് : ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ.
മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് കിം കോമയിലായെന്നും പിന്നീട് മരിച്ചെന്നുമുള്ള അവകാശവാദങ്ങൾക്കു പിന്നാലെയാണ് 42കാരനായ ഭരണാധികാരിയുടെ ചിത്രങ്ങൾ പുറത്തുവന്നത്. ഉത്തരകൊറിയൻ ഔദ്യോഗിക പത്രമായ റോഡോങ് സിൻമുനാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.
മകൾ കിം ജൂ എയ്ക്കൊപ്പം ഒരു വസ്ത്രമേള സന്ദർശിക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. മേളയിൽ പ്രദർശിപ്പിച്ച പിങ്ക് ഷൂ പരിശോധിക്കുന്നതും മാന്ക്വിനിൽ അണിയിച്ച കോട്ടിന്റെ കൈകൾ നോക്കുന്നതും ചിത്രങ്ങളിൽ കാണാം. ഒരു ഉദ്യോഗസ്ഥനുമായി സംസാരിക്കുന്ന കിമ്മിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹായികളും ചിത്രങ്ങളിൽ പിന്നിലായി നിൽക്കുന്നത് കാണാം.
സമൂഹമാധ്യമത്തിലെ പോസ്റ്റിൽനിന്ന് അഭ്യൂഹങ്ങൾ…
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിമർശകനും യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനീസ് വിമതനുമായ വാൻജുൻ ഷി എക്സിൽ പങ്കുവച്ച പോസ്റ്റാണ് കിമ്മിന്റെ മരണത്തെ ക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്.
കടുത്ത മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് കിമ്മിനെ ബെയ്ജിങ്ങിലേക്ക് മാറ്റിയെന്നും ചികിത്സയ്ക്കിടെ മരണം സംഭവിച്ചെന്നുമായിരുന്നു അവകാശവാദം. കിമ്മിന്റെ മൃതദേഹം രഹസ്യമായി ഉത്തരകൊറിയയിലേക്ക് തിരിച്ചയച്ചതായും പോസ്റ്റിൽ പറഞ്ഞിരുന്നു.
എന്നാൽ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ തെളിവുകളൊന്നും പുറത്തുവന്നിരുന്നില്ല. കിമ്മിന്റെ മരണവാർത്തയ്ക്കു പിന്നാലെ ഉത്തരകൊറിയയുടെ അധികാരത്തുടർച്ച യെക്കുറിച്ചും ചർച്ചകൾ ഉയർന്നു.
*9,000 ചൈനീസ് സൈനികരെ അയച്ചെന്നും അവകാശവാദം…
കിമ്മിന്റെ പിൻഗാമിയെച്ചൊല്ലി പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കയിൽ ചൈന ബെയ്ജിങ്ങിൽനിന്ന് പ്യോങ്യാങ്ങിലേക്ക് 9,000 സൈനികരെ അയച്ചെന്ന തരത്തിലുള്ള അവകാശവാദങ്ങളും പ്രചരിച്ചിരുന്നു. കിമ്മിന്റെ സഹോദരി കിം യോ ജോങ് അധികാരം ഏറ്റെടുക്കുമോ എന്ന ചോദ്യവും ഉയർന്നു. എന്നാൽ സൈനിക വിന്യാസത്തെക്കുറിച്ചുള്ള ഈ അവകാശവാദങ്ങൾക്കും സ്ഥിരീകരണമുണ്ടായിരുന്നില്ല.
2020ലും സമാനമായ അഭ്യൂഹങ്ങൾ…
കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെക്കുറിച്ചും മരണത്തെക്കുറിച്ചും ഇതിനു മുൻപും അഭ്യൂഹങ്ങൾ പ്രചരിച്ചിട്ടുണ്ട്. 2020ൽ ഹൃദയശസ്ത്രക്രിയയ്ക്കു പിന്നാലെ കിം മരിച്ചെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അന്ന് ഉത്തരകൊറിയയിൽനിന്ന് ദക്ഷിണകൊറിയയിലെത്തിയ ജി സിയോങ് ഹോയാണ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്. പിന്നീട് കിം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ തന്റെ പ്രവചനം തെറ്റിയെന്ന് സമ്മതിച്ച ജി സിയോങ് ഹോ മാപ്പ് പറയുകയും ചെയ്തിരുന്നു.
