ചെന്നൈ: പതിവിലും നേരത്തേ വേനൽച്ചൂട് പിടിമുറുക്കാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി പുതിയ കാലാവസ്ഥാ റിപ്പോർട്ട്. എൽ നീനോ പ്രതിഭാസവും ഉയരുന്ന ആഗോള താപനിലയും ചേർന്ന് 2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂടിന്റെ സ്വാധീനം പ്രകടമായേക്കുമെന്നാണ് കാലാവസ്ഥാ പഠന സംഘടനയായ ക്ലൈമറ്റ് ട്രെൻഡ്സ് പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
തീവ്രത വർധിക്കുന്നതിനൊപ്പം കുടിവെള്ളക്ഷാമം, കാർഷിക മേഖലയിലെ പ്രതിസന്ധി, ആരോഗ്യപ്രശ്നങ്ങൾ എന്നിവയും രൂക്ഷമായേക്കാമെന്നാണ് ആശങ്ക.സാധാരണ ലഭിക്കേണ്ട മഴയിൽ കുറവുണ്ടാകുന്നതും ആഗോളതാപനവും എൽ നീനോയുടെ ആഘാതം കൂടുതൽ ശക്തമാക്കാൻ ഇടയാക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2027ൽ എൽ നീനോ പ്രഭാവം ശക്തിപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ രാജ്യത്തെ ജലലഭ്യതയിലും കാർഷിക ഉൽപാദനത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കാം. ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് കുറയുന്നതും ഭൂഗർഭജലനിരപ്പ് താഴുന്നതും പ്രധാന വെല്ലുവിളികളായേക്കും. പ്രത്യേകിച്ച് റാബി വിളകളെയും വേനൽക്കാല കൃഷിയെയും ജലക്ഷാമം പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
കാർഷിക മേഖലയെ ആശ്രയിക്കുന്ന പ്രദേശങ്ങളിൽ ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.വേനൽച്ചൂടിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള മുൻകരുതലുകൾ ഇപ്പോൾത്തന്നെ ശക്തമാക്കേണ്ടതു ണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രാദേശികതലത്തിൽ ഹീറ്റ് ആക്ഷൻ പ്ലാനുകൾ കാര്യക്ഷമമാക്കുക, ചൂട് സംബന്ധിച്ച മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, പൊതുജനാരോഗ്യ സംവിധാനങ്ങളെ സജ്ജമാക്കുക തുടങ്ങിയ നടപടികൾക്ക് അടിയന്തര പ്രാധാന്യം നൽകണമെന്നാണ് നിർദേശം.
അതേസമയം, 2026ലെ മഴക്കണക്കുകളും ആശങ്ക വർധിപ്പിക്കുന്നതാണ്. രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ 13 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മഴയുടെ ലഭ്യത കുറഞ്ഞതോടെ ദേശീയതലത്തിൽ നെൽകൃഷി വിസ്തൃതിയിൽ 15.56 ലക്ഷം ഹെക്ടറിന്റെ ഇടിവുണ്ടായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
താപനിലയുടെ കാര്യത്തിലും 2026 ശ്രദ്ധേയമായ വർഷമായി മാറി. 1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഓഗസ്റ്റ് മാസവും അഞ്ചാമത്തെ ഏറ്റവും ചൂടേറിയ സെപ്റ്റംബർ മാസവുമാണ് കടന്നുപോയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മഴയുടെ കുറവും ഉയരുന്ന താപനിലയും ഒരേസമയം വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന വേനൽക്കാലത്തെ നേരിടാൻ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ നിർണായകമാകും.
