കൊച്ചി : കാറിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ മെട്രോ പില്ലർ നമ്പർ 531-ന് സമീപത്തു നിന്നാണ് ഇരുവർ സംഘം പോലീസിന്റെ വലയിലായത്.
സംഭവത്തിൽ മലപ്പുറം തിരൂർ സ്വദേശി അബ്ദുസലാം (32), തിരൂരങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ് (26) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കൽ നിന്നും 4.28 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്.
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നുമായി യുവാക്കൾ കുടുങ്ങിയത്. ഇവർ എംഡിഎംഎ കടത്താൻ ഉപയോഗിച്ച കാറും പോലീസ് പിടികൂടി.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളിൽ അബ്ദുസലാമിനെ 2024-ൽ 51 ഗ്രാം എംഡിഎംഎയുമായി മാനന്തവാടി പൊലീസ് പിടികൂടിയിയിരുന്നു.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇയാൾ വീണ്ടും പിടിയിലായത്. ലഹരിക്കടത്ത് കേസുകളിൽ മുൻപും പ്രതിയായതിനാൽ അബ്ദുസലാമിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
