കൊല്ലം : ശക്തികുളങ്ങര ഹാർബറിലെ ശുചിമുറി ടാങ്കിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ചവറ കൊട്ടുകാട് സ്വദേശി നിസാർ (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊട്ടിയം സ്വദേശി ശ്യാംജിത്ത് പിടിയിലായി.
നിസാറിനെ കൊലപ്പെടുത്തി ടാങ്കിൽ തള്ളുകയായിരുന്നുവെന്നു പ്രതി സമ്മതിച്ചു. ഇയാളെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.കഴിഞ്ഞ മാസം 30 ന് ഹാർബറിലെ ശുചിമുറി മാലിന്യം നീക്കം ചെയ്യാൻ സ്ലാബ് തുറന്നപ്പോൾ തൊഴിലാളികളാണു മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. ഉടൻ ശക്തികുളങ്ങര പൊലീസിൽ വിവരം അറിയിച്ചു.
പൂർണമായും ജീർണിച്ച മൃതദേഹം മൃഗത്തിന്റേതാണെന്നായിരുന്നു ആദ്യം കരുതിയത്. തുടർന്ന് വെറ്ററിനറി സർജനെത്തി പരിശോധിച്ചപ്പോൾ മൃഗത്തിന്റേതല്ലെന്നു തെളിഞ്ഞു. വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ തലയോട്ടി കണ്ടെത്തി. ഹാർബറിലെ ശുചിമുറികൾ വാടകയ്ക്കു നൽകുന്നയാളാണ് കൊല്ലപ്പെട്ട നിസാർ. ഇയാൾ അവിടെത്തന്നെയായിരുന്നു താമസം.
ഹാർബറിലെ ശുചിമുറിയുടെ കരാർ എടുത്തിരുന്നയാളുടെ ഡ്രൈവറായിരുന്നു അറസ്റ്റിലായ ശ്യാംജിത്ത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:- സംഭവദിവസം പ്രതിയെ നിസാർ ചീത്ത വിളിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത പ്രതി നിസാറിനെ ആദ്യം കൈ ഉപയോഗിച്ച് മർദിക്കുകയും പിന്നീട് ശുചിമുറിയിൽ വച്ചിരുന്ന കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമാ യിരുന്നു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം പായയിൽ പൊതിഞ്ഞ് സമീപത്തെ ടാങ്കിന്റെ മൂടി തുറന്ന് അതിൽ തള്ളുകയായിരുന്നു. സംഭവശേഷവും പ്രതി ജോലി തുടർന്നു. സിസിടിവി ദൃശ്യങ്ങളും മറ്റുതെളിവുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്യാംജിത്ത് പിടിയിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
