സൗദിയിൽ ഹൂതി ആക്രമണം രൂക്ഷം; നജ്‌റാനിൽ ആറുപേർക്ക് പരുക്ക്; കിങ്ഡം സെന്റർ അടച്ചു

ദുബായ് : സൗദി അറേബ്യയ്ക്കു നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ ശക്തമായതോടെ രാജ്യത്ത് സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ചു.

നജ്‌റാനിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് ആറുപേർക്ക് പരുക്കേറ്റു. മൂന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദിലെ പ്രശസ്തമായ കിങ്ഡം സെന്ററും അടച്ചു.

സൗദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്നറിയപ്പെടുന്ന 99 നിലകളുള്ള കിങ്ഡം സെന്റർ റിയാദിന്റെ പ്രധാന അടയാളങ്ങളിലൊന്നാണ്.

കഴിഞ്ഞ ദിവസം റിയാദ് ലക്ഷ്യമാക്കി എത്തിയ രണ്ട് ഡ്രോണുകൾ സൗദി സഖ്യസേന വെടിവച്ചിട്ടിരുന്നു. തുടർച്ചയായ സുരക്ഷാഭീഷണിയെ തുടർന്ന് റിയാദിലെയും സമീപപ്രദേശങ്ങളിലെയും സ്കൂളുകളിൽ രണ്ടാഴ്ചയായി ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. കിങ് ഖാലിദ് വിമാനത്താവളവും അടഞ്ഞുകിടക്കുകയാണ്.

അതിനിടെ, നജ്‌റാൻ മേഖലയിൽ സൗദി സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് രണ്ടുപേർ മരിച്ചു. സാങ്കേതികത്തക രാറാണ് അപകടത്തിനു കാരണമെന്നാണ് സൗദി സൈന്യത്തിന്റെ വിശദീകരണം. എഎച്ച്-6ഐ വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് തകർന്നത്. ഹെലികോപ്റ്റർ വെടിവച്ചിട്ടതാണെന്ന ഹൂതികളുടെ അവകാശവാദം സൗദി തള്ളി.

*ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

സൗദിയിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും റിയാദിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. അടിയന്തരമായി യാത്ര ചെയ്യേണ്ടവർ ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ വിമാനമിറങ്ങി റോഡ് മാർഗം സൗദിയിലെത്തുന്ന സാധ്യത പരിഗണിക്കണമെന്നും എംബസി നിർദേശിച്ചു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള വിമാന സർവീസുകളിലും നിയന്ത്രണമുണ്ട്. ആകാശ എയർ റിയാദ്, ജിദ്ദ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഈ മാസം 27 വരെ റദ്ദാക്കി. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകും.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവയും ഈ മാസം 24 വരെയുള്ള സർവീസുകൾ നേരത്തേ റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!