നെതന്യാഹുവിന് ട്രംപിന്റെ പൂർണ പിന്തുണ; ഇറാനെതിരെ വീണ്ടും ആക്രമണത്തിന് സൂചന നൽകി യുഎസ് പ്രസിഡൻ്റ്

വാഷിങ്ടൺ: ഇസ്രയേലിൽ ഈ മാസം 27ന് നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നെതന്യാഹു വീണ്ടും അധികാരത്തിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇസ്രയേലിന് വിശ്വസിച്ച് ആശ്രയിക്കാവുന്ന ശക്തനായ നേതാവ് ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നെതന്യാഹുവിനെ ‘മഹാനായ പോരാളിയായ പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ‘ബിബി’ എന്നറിയപ്പെടുന്ന നെതന്യാഹുവിനുള്ള തന്റെ പൂർണ പിന്തുണയും പരസ്യമാക്കി. ഇരുവരും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്നും നെതന്യാഹു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ഒരുമിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ട്രംപ് കുറിച്ചു.

നെതന്യാഹുവിനെ പിന്തുണയ്ക്കാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രഖ്യാപനം നടത്താൻ വൈകിയത് സമയമായിട്ടില്ലെന്ന് കരുതിയതിനാലാണെന്നും ട്രംപ് വിശദീകരിച്ചു. ഇസ്രയേലിന്റെ നേതൃത്വത്തിൽ വിശ്വസിക്കാവുന്ന ഒരാൾ തുടരേണ്ടത് നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിച്ചേക്കുമെന്ന സൂചനയും ട്രംപ് നൽകി. ഇറാൻ തങ്ങളുടെ നിലപാടുകളിലും പ്രവർത്തനരീതികളിലും ഉടൻ മാറ്റം വരുത്തിയില്ലെങ്കിൽ നേരത്തേ ആരംഭിച്ച ദൗത്യം ഉടൻ പൂർത്തിയാക്കുമെ ന്നായിരുന്നു മുന്നറിയിപ്പ്. എട്ടുമാസം മുമ്പ് ഇസ്രയേലുമായി ചേർന്ന് അമേരിക്ക ആരംഭിച്ച ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന.

ട്രംപിന്റെ പിന്തുണയ്ക്ക് നെതന്യാഹു ഉടൻ നന്ദി അറിയിച്ചു. അമേരിക്കയുമായുള്ള സഹകരണത്തിനും ട്രംപ് നൽകുന്ന ശക്തമായ പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഗാസ യുദ്ധത്തിനുശേഷം ഇസ്രയേൽ നേരിടുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പെന്ന നിലയിലും ഇത്തവണത്തെ വോട്ടെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് പരസ്യമായി നെതന്യാഹുവിനെ പിന്തുണച്ചത് ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശ്രദ്ധേയമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!