കോട്ടയം: രമ്യാ ഹരിദാസ് എംഎൽഎയെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. രമ്യയോടുള്ള വിയോജിപ്പുകൾ അവരെ ഒറ്റപ്പെടുത്താനുള്ള ആയുധമാക്കി മാറ്റരുതെന്ന് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.
വിമർശനങ്ങളെ പ്രമേയത്തിലൂടെ നേരിടുന്നതിനു പകരം സംവാദത്തിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ചർച്ചകൾക്ക് പ്രാധാന്യം നൽകണമെന്ന നിലപാടാണ് ചാണ്ടി ഉമ്മൻ കുറിപ്പിലൂടെ വ്യക്തമാക്കിയത്.
*ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…
ജനാധിപത്യത്തിൽ വിയോജിപ്പുകൾ സ്വാഭാവികമാണ്. എന്നാൽ വിയോജിപ്പുകളെ വ്യക്തികളെ ഒറ്റപ്പെടുത്താനുള്ള ആയുധമാക്കി മാറ്റുന്നത് ജനാധിപത്യപരമായ സംവാദങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ല. രമ്യ ഹരിദാസിന്റെ നിലപാടുകളോട് ആർക്കും വിയോജിക്കാം; അവരുടെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്യാം.
എന്നാൽ അതെല്ലാം വ്യക്തിഹത്യയിലേക്കോ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലേക്കോ വഴിമാറരുത്.വ്യത്യസ്ത അഭിപ്രായങ്ങളെ ഉൾക്കൊള്ളാനും പരസ്പര ബഹുമാനത്തോടെ സംവദിക്കാനുമുള്ള വിശാലമനസ്സാണ് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ യഥാർഥ കരുത്ത്. വിമർശനങ്ങളെയും വിയോജിപ്പുകളെയും പ്രമേയങ്ങളിലൂടെ നേരിടുന്നതിനുപകരം, സംവാദങ്ങളിലൂടെയും ജനാധിപത്യപരമായ ഇടപെടലുകളിലൂടെയും പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.
വിയോജിപ്പുകളെ അടിച്ചമർത്തുകയല്ല, കേൾക്കുകയും സംവദിക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യത്തിന്റെ മഹത്വം എന്നും വിശ്വസിക്കുന്നു.
