സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന…

എറണാകുളം: മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച നെടുമ്പാശ്ശേരി അപകടത്തിലെ പ്രതി സുഹൈൽ സജീവ് (19) അമിതമായി മദ്യപിച്ചിരുന്നതായി തെളിഞ്ഞു. സുഹൈലിന്റെ രക്തസാമ്പിളടക്കം പരിശോധിച്ച കാക്കനാട്ടെ റീജ്യണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയുടെ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പിൾ പരിശോധന ഫലം പൊലീസിന് ലഭിച്ചു.

സുഹൈൽ സജീവിൻ്റെ ശരീരത്തിൽ കൂടിയ അളവിൽ മദ്യം ഉണ്ടായിരുന്നതായി പരിശോധന ഫലത്തിൽ പറയുന്നു. രാസലഹരി ഉൾപ്പെടെ ഉപയോഗിച്ചിരുന്നോ എന്ന കാര്യം കൂടുതൽ പരിശോധനയിലേ വ്യക്തമാകൂ. എന്നാൽ എത്രയാണ് കണ്ടെത്തിയ മദ്യത്തിന്റെ അളവ് എന്നത് പുറത്തുവിട്ടിട്ടില്ല.

പ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം ഉണ്ടായ എയർപോർട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. സുഹൈലിനെ മാത്രമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ആദ്യം മൂന്ന് ജീവനുകൾ ഇടിച്ചുതെറിപ്പിച്ച എയർപോർട്ട് റോഡിലേക്കാണ് കൊണ്ടുപോയത്. എന്നാൽ അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തിൽ നിന്ന് ഇറക്കിയില്ല. അപകടമുണ്ടായ സ്ഥലവും, പിന്നീട് വാഹനം നിർത്തിയ സ്ഥലവും സുഹൈൽ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തു.

ആളുകൾ കൂടിയതോടെ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കാം എന്ന് കണക്കാക്കിയാണ് പ്രതിയെ പുറത്തിറക്കാതിരുന്നത്. അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കി പിന്നീട് നെടുമ്പാശ്ശേരിയിലെ ബാറിലേക്ക് കൊണ്ടുപോയി. ഈ ബാറിൽ വെച്ചാണ് പ്രതികൾ അപകടത്തിന് മുമ്പ് അവസാനമായി മദ്യപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!