ജന്തർ മന്തറിൽ വിലക്ക് മറികടന്ന് സിജെപിയുടെ മിന്നൽ പ്രതിഷേധം…

ന്യൂഡൽഹി: പ്രതിഷേധത്തിന് അനുമതി നിഷേധിച്ച ജന്തർ മന്തറിൽ നുഴഞ്ഞുകയറി സിജെപി പ്രവർത്തകരുടെ മിന്നൽ പ്രതിഷേധം. ഡൽഹി പൊലീസിന്റെ നിയന്ത്രണങ്ങൾ മറികടന്ന് ജന്തർ മന്തറിലേക്ക് പ്രവേശിച്ചാണ് നേതാക്കൾ പ്രതിഷേധിച്ചത്.

സംഭവത്തിന് പിന്നാലെ സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജന്തർ മന്തറിൽ ഒരുതരത്തിലുള്ള പ്രതിഷേധത്തിനും അനുമതി നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം പ്രതിഷേധം നടത്താവുന്ന സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ഡൽഹി പൊലീസ് ജന്തർ മന്തറിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സിജെപി രംഗത്തെത്തിയത്.

പ്രവേശനം തടയുന്നതിനായി ഉയരമുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും ജന്തർ മന്തറിന്റെ പിൻഭാഗത്തെ ഗേറ്റിന് സമീപമുള്ള വഴിയിലൂടെ പ്രതിഷേധക്കാർ അകത്തേക്ക് കടക്കുകയായിരുന്നു. എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവിന് അനുവദിച്ച ഓഫീസിന്റെ മുറ്റത്തുകൂടിയുള്ള വഴിയാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് വിവരം. സിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ജന്തർ മന്തറിനെ സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെ നേരത്തെയും പാർട്ടി രംഗത്തെത്തിയിരുന്നു. സിജെപിയുടെ ആദ്യ പ്രതിഷേധം നടന്നത് ജന്തർ മന്തറിലായിരുന്നുവെന്നും പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!