നെയ്‌റോബി: ഭൂമിയിലെ ശുദ്ധജലസമ്പത്തിന്റെ പ്രധാന ഉറവിടങ്ങളായ തടാകങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ലോകമെമ്പാടുമുള്ള പത്ത് കോടിയിലധികം തടാകങ്ങളുടെ നിലനിൽപ്പിനെ കാലാവസ്ഥാ വ്യതിയാനവും അമിത ജലചൂഷണവും മലിനീകരണവും ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാം (യുഎൻഇപി) പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പല തടാകങ്ങളും വറ്റിവരളുമ്പോൾ മറ്റുചിലയിടങ്ങളിൽ ജലനിരപ്പിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങളും മലിനീകരണവും വലിയ വെല്ലുവിളിയായി മാറുകയാണ്. കുടിവെള്ളം, കൃഷി, മത്സ്യബന്ധനം, ഉപജീവനം എന്നിവയ്ക്കായി തടാകങ്ങളെ ആശ്രയിക്കുന്ന കോടിക്കണക്കിന് മനുഷ്യരെയും അവിടങ്ങളിലെ ആവാസവ്യവസ്ഥയെയും ഈ പ്രതിസന്ധി ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
കാലാവസ്ഥാ വ്യതിയാനം തടാകങ്ങളെ എങ്ങനെ ബാധിക്കുന്നു?
ആഗോള താപനില ഉയരുന്നതിനൊപ്പം മഴയുടെ ലഭ്യതയിലും കാലാവസ്ഥാ രീതികളിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ചില പ്രദേശങ്ങളിൽ കടുത്ത വരൾച്ച അനുഭവപ്പെടുമ്പോൾ മറ്റു ചിലയിടങ്ങളിൽ അതിതീവ്ര മഴയും വെള്ളപ്പൊക്കവും പതിവാകുന്നു. തടാകങ്ങളിലെ ജലനിരപ്പിലും ഈ മാറ്റങ്ങൾ പ്രതിഫലിക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ അടുത്തകാലത്തുണ്ടായ രൂക്ഷമായ വരൾച്ച ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരുന്നു. മറുവശത്ത്, കെനിയയിലെ തുർക്കാന തടാകത്തിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന് സമീപപ്രദേശങ്ങളിൽ പ്രളയഭീഷണി സൃഷ്ടിക്കുകയും ചെയ്തു.മലയോര മേഖലകളിലും സ്ഥിതി ആശങ്കാജനകമാണ്.
താപനില ഉയരുന്നതോടെ ഹിമാനികൾ ഉരുകുകയും ഹിമാനി തടാകങ്ങളിലെ ജലനിരപ്പ് വർധിക്കുകയും ചെയ്യുന്നു. ഇത്തരം തടാകങ്ങൾ അപ്രതീക്ഷിതമായി കരകവിഞ്ഞൊഴുകുകയോ അവയെ തടഞ്ഞുനിർത്തുന്ന പ്രകൃതിദത്ത തടസ്സങ്ങൾ തകരുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡ് (GLOF) വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകാം.
*അമിത ജലചൂഷണം; തടാകങ്ങൾ അപ്രത്യക്ഷമാകുന്നു
കാലാവസ്ഥാ വ്യതിയാനത്തിന് പുറമേ മനുഷ്യരുടെ അനിയന്ത്രിതമായ ജലവിനിയോഗവും തടാകങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണ്. കാർഷിക, വ്യാവസായിക ആവശ്യങ്ങൾക്കായി തടാകങ്ങളിൽനിന്നും അവയിലേക്ക് വെള്ളമെത്തിക്കുന്ന നദികളിൽനിന്നും വൻതോതിൽ ജലം തിരിച്ചുവിടുന്നത് പല ജലാശയങ്ങളുടെയും വിസ്തൃതി ചുരുങ്ങാൻ കാരണമായിട്ടുണ്ട്.
ഇതിന് ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊന്നാണ് മധ്യേഷ്യയിലെ അറൽ കടൽ. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഉൾനാടൻ ജലാശയങ്ങളിലൊന്നായിരുന്ന അറൽ കടൽ, പോഷകനദികളിലെ വെള്ളം വ്യാപകമായി കൃഷിക്കായി തിരിച്ചുവിട്ടതിനെ തുടർന്ന് വലിയ തോതിൽ വറ്റിവരണ്ടു. ബൊളീവിയയിലെ പൂപോ തടാകവും ജലനഷ്ടത്തെ തുടർന്ന് വരണ്ടുപോയ ജലാശയങ്ങളുടെ ഉദാഹരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇത്തരം മാറ്റങ്ങൾ ജലലഭ്യതയെ മാത്രമല്ല ബാധിക്കുന്നത്. മത്സ്യസമ്പത്ത്, പ്രാദേശിക കാലാവസ്ഥ, കൃഷി, ജലാശയങ്ങളെ ആശ്രയിച്ചുള്ള ജനങ്ങളുടെ ജീവിതം എന്നിവയിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
*മലിനീകരണവും ഗുരുതര ഭീഷണി
തടാകങ്ങളിലേക്ക് ഒഴുകിയെത്തുന്ന വ്യാവസായിക മാലിന്യങ്ങൾ, കാർഷിക രാസവസ്തുക്കൾ, സംസ്കരിക്കാത്ത മലിനജലം എന്നിവയും വലിയ വെല്ലുവിളിയാണ്. ജലത്തിൽ പോഷകഘടകങ്ങൾ അമിതമായി അടിഞ്ഞുകൂടുന്നത് ആൽഗകളുടെ അനിയന്ത്രിത വളർച്ചയ്ക്ക് വഴിയൊരുക്കാം. ചില സാഹചര്യങ്ങളിൽ വിഷവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന സയനോബാക്ടീരിയയുടെ വ്യാപനവും സംഭവിക്കാം.
ആഫ്രിക്കയിലെ വിക്ടോറിയ തടാകത്തിൽ ജലത്തിന്റെ നിറം പച്ചയായി മാറുന്ന തരത്തിലുള്ള സൂക്ഷ്മജീവികളുടെ അമിത വളർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട നാലായിരത്തോളം തടാകങ്ങൾ മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതായാണ് യുഎൻഇപി റിപ്പോർട്ടിൽ പറയുന്നത്.ഇത്തരത്തിലുള്ള മലിനീകരണം കുടിവെള്ളത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിനൊപ്പം മത്സ്യങ്ങൾക്കും മറ്റു ജലജീവികൾക്കും ഭീഷണിയാകുന്നു. തടാകങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളുടെ ആരോഗ്യത്തെയും ഉപജീവനത്തെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
*തടാകങ്ങളെ സംരക്ഷിക്കാൻ എന്തുചെയ്യണം?
പ്രതിസന്ധി ഗുരുതരമാണെങ്കിലും ഫലപ്രദമായ ഇടപെടലുകളിലൂടെ തടാകങ്ങളുടെ നാശം നിയന്ത്രിക്കാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുടിവെള്ളം, കൃഷി, വ്യവസായം എന്നിവയുടെ ആവശ്യങ്ങൾ പരിഗണിച്ച് ജലവിനിയോഗം ശാസ്ത്രീയമായി ക്രമീകരിക്കുകയാണ് പ്രധാന നടപടി.
തടാകസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രാദേശിക ജനവിഭാഗങ്ങളെ പങ്കാളികളാക്കുന്നതും നിർണായകമാണ്. ജലമലിനീകരണം തുടക്കത്തിൽത്തന്നെ കണ്ടെത്തുക, മലിനജലം സംസ്കരിക്കാതെ ജലാശയങ്ങളിലേക്ക് ഒഴുക്കുന്നത് തടയുക, തടാകങ്ങളിലേക്കുള്ള സ്വാഭാവിക നീരൊഴുക്ക് സംരക്ഷിക്കുക തുടങ്ങിയ നടപടികളും ആവശ്യമാണ്.
